വിട പറഞ്ഞത് മെഗാ സ്റ്റാറുകളെ സൃഷ്ടിച്ച കഥാകാരൻ

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് നടൻ മമ്മുട്ടി അഭിപ്രായപ്പെട്ടു. വളർച്ചയിലും തളർച്ചയിലും ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു എന്ന് മമ്മൂട്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി.

പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു.

ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി.1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.

മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിറക്കൂട്ട്, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, ആകാശദൂത്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് ഇദ്ദേഹം മറ്റു സംവിധായകർക്കായി തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ.

മനുവങ്കിൾ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.

spot_img

Related Articles

Latest news