സൗദി പൗരന്മാരല്ലാത്തവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നടപ്പാക്കുമെന്ന് സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
രാജ്യത്തെ എല്ലാ എയർലൈനുകളിലേക്കും അയച്ച സർക്കുലറിൽ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) അറിയിച്ചതാണ് ഇക്കാര്യം. ക്വാറന്റൈൻ ചെലവുകൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
8 വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിൽ കൂടാത്ത അംഗീകൃത കൊറോണ വൈറസ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ കരുതിയിരിക്കണം. അതേ സമയം, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഒന്നിന്റെ മുഴുവൻ ഡോസും എടുത്തവർക്ക് ക്വാറന്റൈൻ കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
7 ദിവസത്തേക്ക് യാത്രക്കാരെ ക്വാറന്റൈൻ ചെയ്യുന്നതിനായി ടൂറിസം മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാൻ അതോറിറ്റി എയർ കാരിയറുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.