സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി.
തമ്പാനൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ് എസ് കോവിൽ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. റെയിൽവേ ട്രാക്കിലും വെള്ളം കയറി.
ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ കുറവാണെങ്കിലും ഫയർഫോഴ്സ് സംഘം പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
കോഴിക്കോട് കക്കയത്തും കാസർഗോഡ് വെളളരിക്കുണ്ടിലും മഴ തുടരുകയാണ്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മറ്റന്നാൾ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.