കേരള റീട്ടയിൽ ഫുട്വെയർ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ജില്ലയിലെ മുഴുവൻ റീട്ടയിൽ വ്യാപാരികളും കുടുംബാംഗങ്ങളും വീട്ടു പടിക്കൽ സമരം നടത്തുന്നു.
ലോക്ക് ഡൗണിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന റീട്ടയിൽ മേഖല അടച്ചിട്ടതിന്റെ ആഘാതം അനുഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ ഇരട്ട നീതിയുടെ ഭാഗമായി ഓൺലൈൻ ഭീമന്മാർക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ഹോം ഡെലിവറിക്ക് അനുമതി നൽകുകയാണ്. ഇത് ഒരു പ്രദേശത്തിന്റെ നട്ടെല്ലായ ചെറുകിട വ്യാപാരത്തെ തകർക്കുകയാണെന്ന് അസ്സോസിയേഷൻ ഭാരവാഹികളായ നൗഷൽ തലശ്ശേരി (പ്രസിഡന്റ്), സവാദ് പയ്യന്നൂർ (ജ. സെക്രട്ടറി), ജാഫർ ചെറുകുന്ന് (ട്രഷറർ) എന്നിവർ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഹോം ഡെലിവറിക്ക് അനുമതി കൊടുത്തതിൽ പ്രതിഷേധിച്ചും ചെരുപ്പ് മേഖലയെ സംരക്ഷിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വാടക ഇളവിന് ഓർഡിനൻസ് ഇറക്കുക, കറന്റ് ബിൽ, തൊഴിൽ നികുതി, ലോണുകൾ എന്നിവയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, പലിശ രഹിത വായ്പകൾ നൽകുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പെരുന്നാൾ ദിനത്തിൽ വീട്ടു പടിക്കൽ നിൽപ് സമരം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ എല്ലാ വ്യാപാരികളും സമരത്തിൽ പങ്കെടുത്തു കൊണ്ട് സമരം വിജയിപ്പിക്കണം എന്ന് അസ്സോസിയേഷൻ അഭ്യർത്ഥിച്ചു.