ബംഗളൂരു: യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത് പ്രമുഖ വ്യവസായി ബി.ആര്. ഷെട്ടി നല്കിയ ഹരജിയില്‍ വീണ്ടും തിരിച്ചടി. കര്‍ണാടക ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ ബുധനാഴ്ച ഡിവിഷന് ബെഞ്ച് തള്ളി.
നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള സിംഗ്ള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ രേഖപ്പെടുത്തുന്നതായി ഹരജി തള്ളിക്കൊണ്ട് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്. ഷെട്ടി സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബര്‍ 14ന് യു.എ.ഇയിലേക്ക് മടങ്ങാനുള്ള ശ്രമം എമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു.
ഈ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും യാത്രാവിലക്ക് ശരിവെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
വിധി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷെട്ടിയുടെ അഭിഭാഷകനായ സുല്‍ഫിക്കര്‍ മേമന് പ്രതികരിച്ചു. ബാങ്ക് ബറോഡയുമായി ഷെട്ടിക്ക് സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നതിനാല്‍ ബാങ്ക് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് എമിഗ്രേഷന്‍ വകുപ്പ് അദ്ദേഹത്തിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച കേസ് കര്‍ണാടക ഹൈകോടതിയിലാണ്.
ബാങ്ക് നല്കിയ ഹരജിയില്‍, ഷെട്ടിയുടെയും ഭാര്യയുടെയും ജംഗമ സ്വത്തുക്കള്‍ കൈമാറുന്നത് വിലക്കി ഹൈകോടതി ഏപ്രില്‍ 20ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് സചിന് ശങ്കര്‍ മാഗധം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഷെയറുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എന്നിവ മാറ്റുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
ബി.ആര്. ഷെട്ടിയുടെയും ഭാര്യ ചന്ദ്രകുമാരി ആര്. ഷെട്ടിയുടെയും സ്ഥാവര സ്വത്തുക്കള്‍ കൈമാറുന്നത് മാത്രം തടഞ്ഞുള്ള കമേഴ്സ്യല്‍ കോടതിയുടെ 2020 ആഗസ്റ്റ് 28ലെ വിധിക്കെതിരെ ബാങ്ക് ഓഫ് ബറോഡ കര്‍ണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ബി.ആര്. ഷെട്ടിയുടെ ജംഗമവസ്തുക്കളുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് 2020 മേയില്‍ ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം കൈമാറിയിരുന്നില്ല.