നേഴ്സസ് ദിനം: ദമ്മാം ബദര്‍ മെഡിക്കല്‍ സെന്ററില്‍ സ്നേഹ സംഗമം

ലോക നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ദമ്മാം ബദര്‍ മെഡിക്കല്‍ സെന്ററില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. ലോകത്താകമാനം പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

കൊവിഡ് കാരണത്തില്‍ ലോകത്ത് നഷ്ടപ്പെട്ട നിരവധി മനുഷ്യരുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. മഹാമാരിയുടെ തീക്ഷ്ണത മനസ്സിലാക്കി സ്വന്തം ജീവനെയും ചുറ്റുപാടുകളെയും ചിന്തിക്കാതെ അഹോരാത്രം കര്‍മ്മ മണ്ഡലത്തില്‍ സജീവമായിരുന്ന ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരെ ദമാം ബദര്‍ നേഴ്സസ് ഫോറം അഭിവാദ്യം ചെയ്തു.

ഇക്കാലയളവില്‍ നിരവധി നഴ്സുമാരടക്കമുള്ള ആരോഗ്യ രംഗത്തെ സഹ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും അവരുടെ വിയോഗത്തില്‍ പ്രാര്‍ത്ഥനയോടെ സ്മരിക്കുന്നതായും സംഗമത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഭൂമിയിലെ മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സുമാരെ കുറിച്ച് ഓര്‍ക്കാനെങ്കിലും ഇങ്ങിനെ ഒരു ദിവസം ഉള്ളത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഓർമ്മപ്പെടുതുന്നതിനും തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ പുതിയ ചിന്തകള്‍ക്ക് ഇടം നല്കുന്നതിനുമാണെന്നും കരുണയോടെ ആരോഗ്യ രംഗത്ത്‌ ശോഭിക്കാനാവട്ടെയെന്നും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ബദര്‍ മെഡിക്കല്‍ സെന്റർ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു.

ഇക്കാലയളവില്‍ പൊലിഞ്ഞു പോയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിശിഷ്യാ നഴ്സുമാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സ്നേഹവും സമാധാനവും ലോകത്ത് നിലനില്‍ക്കാനും പ്രകാശ പൂരിതമായ ഒരു ലോകം പിറവിയെടുക്കാനും പ്രതീകാത്മകമായി മെഴുകുതിരി തെളിച്ചു കൊണ്ട് തൂവെള്ള വസ്ത്ര ധാരികളായ ആരോഗ്യ പ്രവര്‍ത്തകര്‍ നിറ പുഞ്ചിരിയോടെ സംഗമത്തില്‍ നിറഞ്ഞു നിന്നു.

ബദര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് ഖത്താമി സ്നേഹ സംഗമം ഉത്ഘാടനം ചെയ്തു. നേഴ്സിംഗ് ഹെഡ് ദീപു, നവ്യ, ജെബി, സിബി, ജെസ്സി, മാര്‍വിന്‍, റൊളാണ്ടോ, ജിബു വര്‍ഗീസ്‌, ഡോക്ടര്‍മാരായ ബെനടിക്റ്റ്, ബിജു വര്‍ഗീസ്‌, അക്ബര്‍, അജി വര്‍ഗീസ്‌, ഹാരി അബ്ദുല്‍ അസീസ്‌, ആയിഷ, ബേനസീര്‍, ഇഫ്ര, മെഡിക്കല്‍ സ്റ്റാഫ് പ്രതിനിധി തൗസീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹബീബ് ഏലംകുളം, മുഹമ്മദ് ഷാഫി, താരിഖ് മുഹമ്മദ്‌, നൗഷാദ് തഴവ, റഷീദ് പാറമ്മല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

spot_img

Related Articles

Latest news