യു എ ഇ യിൽ കുട്ടികളിൽ ഫൈസർ വാക്സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി

യു എ ഇയിലെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദേശീയ COVID-19 പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി വാക്സിൻ്റെ അടിയന്തര പ്രാദേശിക ഉപയോഗസാദ്ധ്യത പരിശോധിക്കുവാൻ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടേയും മറ്റ് കർശനമായ വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മെയ് 13-ന് വൈകീട്ടാണ് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നതിലൂടെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ തങ്ങളുടെ വാക്സിൻ സുരക്ഷിതവും, രോഗബാധ തടയുന്നതിൽ ഏറെ ഫലപ്രദവുമാണെന്ന പഠന റിപ്പോർട്ട് ഏതാനം ദിവസങ്ങൾക്ക് മുൻപ് ഫൈസർ പുറത്തുവിട്ടിരുന്നു. തുടർന്ന് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവർ സംയുക്തമായി യു എ ഇയിലെ മുഴുവൻ പൗരന്മാർക്കും, നിവാസികൾക്കും ദേശീയ വാക്സിനേഷൻ യത്നത്തിലൂടെ സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, യു എ ഇയിൽ ഇതുവരെ 11 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.

spot_img

Related Articles

Latest news