ദിവസവും മറിച്ചു കളയുന്നത് നാലു ലക്ഷത്തില്‍ അധികം ലിറ്റര്‍ കള്ള്
കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കള്ളു ഷാപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. വാങ്ങാന്‍ ആളുകളില്ലാത്തതിനെ തുടര്‍ന്ന് കള്ള് ഒഴുക്കിക്കളയേണ്ട അവസ്ഥയിലാണ് ചെത്തുകാര്‍. ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത് 25000 ല്‍ അധികം വരുന്ന തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കോവിഡ് വ്യാപനം തീവ്രമായതിനെത്തുടര്‍ന്ന് കള്ളുഷാപ്പുകളെല്ലാം ഏപ്രില്‍ 26 മുതല്‍ അടച്ചിരിക്കുകയാണ്. മൂന്നു നേരം തെങ്ങില്‍ക്കയറി ചെത്തു നടത്തുന്ന പതിവ് മാറ്റാനാവില്ല. നിര്‍ത്തിയാല്‍ കള്ള് കുലയില്‍നിന്ന് പുറത്തു ചാടി തെങ്ങ് നശിച്ചുപോകും. ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കുമാത്രമായി പ്രഖ്യാപിച്ചതിനാല്‍ കുല അഴിച്ചുവിട്ടിട്ടുമില്ല.
കുല അഴിച്ച് മാട്ടം മാറ്റിയാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. പക്ഷേ, പുതിയതായി ഒരു തെങ്ങ് കള്ളു വീഴും വിധം പരുവത്തിലാക്കിയെടുക്കാന്‍ ഒരു മാസത്തോളം വേണമെന്നതിനാലാണ് ഇവര്‍ കുലയഴിച്ചു വിടാത്തത്. നിലവില്‍ തൊഴിലാളികള്‍ തെങ്ങില്‍ നിന്ന് കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഉടമകള്‍ വാങ്ങുന്നില്ല. ചെത്തുകാര്‍ക്ക് വില്‍പ്പന നടത്താനുള്ള അവകാശവും ഇല്ല. അതിനാല്‍ ഒഴുക്കിക്കളയുകയല്ലാതെ നിവൃത്തിയില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നതു പാലക്കാട്ടാണ്. ഇവിടെ നിന്നാണ് മിക്ക ജില്ലകളിലേക്കും കള്ള് പോവുന്നത്. കള്ളു ഷാപ്പുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറാണ്. ഇത് ആറു മണിക്കൂറാക്കി ചുരുക്കി ടോക്കണ്‍ നല്‍കി വില്‍പ്പന നടത്താന്‍ അനുവദിച്ചാല്‍ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു കള്ളു ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് ബാബു പറഞ്ഞു.