അഞ്ഞൂറ് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേര്‍

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മൂഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും.

പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാല്‍ സ്റ്റേഡിയത്തില്‍ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്.

500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയില്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും.

ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഈ മൂന്നിനേയും ഒഴിവാക്കാന്‍ കഴിയില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലെ ജനാധിപത്യം അതിന്റെ സത്വയോടെ പുലരൂ. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അവരേയും ഒഴിവാക്കാനാകില്ല. തങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചവര്‍ സത്യപ്രതിജ്ഞ ചെയ്തത് കാണാനുള്ള ജനങ്ങളുടെ അവകാശം സഫലമാകുന്ന മാധ്യമങ്ങള്‍ വഴിയാണ്. ഇക്കാര്യത്തില്‍ എണ്ണം ക്രമീകരിക്കുന്നതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരും പങ്കാളിത്തം ക്രമീരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇത് എല്ലാം കൂടിയാണ് 500.

മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ ഇത് അധികമല്ലെന്നാണ് കാണാന്‍ സാധിക്കുക. ഇന്നത്തേത് ഒരു അസാധാരണമായ സാഹചര്യമായത് കൊണ്ടാണ് സംഖ്യ അത്ര ചുരുക്കിയത്. അത് ഉള്‍ക്കൊള്ളാതെ മറ്റൊരു വിധത്തില്‍ ഈ കാര്യം അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കണമെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

21 മന്ത്രിമാരുണ്ട്, ചീഫ് സെക്രട്ടറി, ഗവര്‍ണര്‍, രാജ്ഭവനിലേയും സെക്രട്ടറിയേറ്റിലേയും ഒഴിച്ച് നിര്‍ത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കുള്ളതുമായ ഉദ്യോഗസ്ഥര്‍. അവരാകെ ഒന്നിച്ച് ഒരു സ്ഥലത്ത് ഒതുങ്ങി കൂടുന്നതിനേക്കാള്‍ നല്ലതാണ് നല്ല രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത്തരമൊരു ചടങ്ങ് നടത്തുന്നത്. അതെല്ലാം കണക്കിലെടുത്താണ് പരിപാടി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചത്.

സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ ജനസമുദ്രമെന്നാണ് ചിലരുടെ മനസ്സില്‍ ഉണ്ടാകുക. അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു തുറസ്സായ സ്ഥലം കോവിഡ് കാലത്ത് പ്രധാനമാണ്. സാമൂഹിക അലവും നല്ല രീതിയില്‍ പാലിക്കണം, നല്ലരീതിയിലുള്ള വായുസഞ്ചാരം. ഒഴിവാക്കാനാകത്ത ആളുകളുടെ സാന്നിധ്യം ഇതെല്ലാം പരിഗണിച്ചു. അതുകൊണ്ട് തന്നെ ചടങ്ങ് ശ്രദ്ധിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഭരണഘടനാ പദവി വഹിക്കുന്നവര്‍, പ്രോട്ടോക്കോള്‍ പ്രകാരം അനിവാര്യമായവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍ ഇങ്ങനെയുള്ളവരൊക്കെയാണ് നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍. അവര്‍ മാത്രമാണ് ഈ ചടങ്ങില്‍ ഉണ്ടാകുക. സെന്‍ട്രല്‍ സ്റ്റേഡിയമല്ല സത്യത്തില്‍ കേരള ജനതയുടെ ഓരോരുത്തരുടേയും മനസ്സാണ് ഞങ്ങളുടെ സത്യപ്രതിജ്ഞാ വേദി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ജനങ്ങളുടെ അതിവുപലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടി വരുന്നത്. ഈ പരിമിതി ഇല്ലായിരുന്നുവെങ്കില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് കേരളമാകെ ഇരമ്പി എത്തുമായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം’ മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news