മലപ്പുറത്ത് വെന്റിലേറ്റര്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തീയതിയാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. രാത്രി ഡ്യൂട്ടിയില്‍ ജോലിചെയ്ത നഴ്‌സിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരം പുലരുംമുന്‍പ് ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായാണ് പരാതിയില്‍ പറയുന്നത്.
കരുവാറ്റ സ്വദേശിയായ നഴ്‌സിനു ഡ്യൂട്ടിക്കിടെയാണ് രോഗലക്ഷണമുണ്ടായത്. തുടര്‍ന്നു പരിശോധന നടത്തി. ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്‌സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രിയിലെ ജീവനക്കാരില്‍ നാല്‍പതോളം പേര്‍ക്കു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രോഗമുണ്ടായിട്ടുണ്ടെന്നും ആരോടും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും ഇതില്‍ സംഭവിച്ചത് എന്താണെന്നു പരിശോധിച്ച ശേഷം പറയാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.