ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് എപ്പോള്‍ അവസാനിക്കും എന്നുപറയാന്‍ കഴിയില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഗതി ആശ്രയിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. യാത്രാ നിയന്ത്രണങ്ങളുടെ ഇളവിനാണ് പ്രാധാന്യം നല്‍കുന്നത്. കാരണം, ഇനി ലോകം ഇങ്ങനെയായിരിക്കും. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് വാക്സിനേഷന് നല്‍കാനും യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുമാണ് ഞങ്ങളുടെ ശ്രമം.
പക്ഷേ, നിര്‍ഭാഗ്യമെന്ന് പറയട്ടെ, കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ ആഴത്തില്‍ ബാധിച്ചിരിക്കുന്നു. യു.എ.ഇയുടെ ഏറ്റവും മികച്ച യാത്ര പങ്കാളിയാണ് ഇന്ത്യ. അതുകൊണ്ടാണ് സന്നദ്ധ സംഘടനകളുടെ മെഡിക്കല്‍ സഹായങ്ങള്‍ നാട്ടിലെത്തിക്കാന്‍ കാര്‍ഗോ നിരക്ക് ഞങ്ങള്‍ ഒഴിവാക്കിയത്. ഇന്ത്യയിലെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. യു.എ.ഇയില്‍ ജനങ്ങള്‍ക്ക് വാക്സിനെടുക്കാന്‍ സൗകര്യങ്ങളുണ്ടെന്നും എല്ലാവരും ഉപയോഗിക്കണമെന്നും ശൈഖ് അഹ്മദ് പറഞ്ഞു.
ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രികര്‍ക്കും യു.എ.ഇ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.