റിപ്പോർട്ട് – അശ്റഫ് മേച്ചീരി.
സിപിഎമ്മിൽ നിന്ന് രണ്ട് വനിതാ മന്ത്രിമാരും സിപിഐയിൽ നിന്ന് ഒരു വനിതാ മന്ത്രിയുമാണ് പുതിയ സർക്കാരിൽ ഇടംപിടിച്ചിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ രണ്ട് വനിതാ മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്
എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടംപിടിച്ചത് മൂന്ന് വനിതാ മന്ത്രിമാർ. കഴിഞ്ഞ സർക്കാരിന് സമാനമായി മന്ത്രിസഭയിൽ സിപിഎം രണ്ട് വനിതാ അംഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ സിപിഐയിൽ നിന്നാണ് മൂന്നാമത്തെ മന്ത്രി.
ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ ഇടപെടലുകകൾ നടത്തിയ ശൈലജ ടീച്ചറെ മാറ്റി നിർത്തി എന്നതും ശ്രദ്ധേയമാണ്. 12 മന്ത്രിമാരെയും സ്പീക്കറെയും സിപിഐഎം പ്രഖ്യാപിച്ചപ്പോൾ നാല് മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയുമാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ചുമതലയേൽക്കാൻ പോകുന്ന വനിതാ മന്ത്രിമാരെ പരിചയപ്പെടാം.
മന്ത്രിക്കസേരയിലേക്ക് വീണാ ജോർജ്ജും
മാധ്യമപ്രവർത്തന രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നേതാവാണ് വീണ ജോർജ്ജ്. ആറന്മുള മണ്ഡലത്തിൽ നിന്ന് തുടർച്ചയായ രണ്ടാം ജയവുമായാണ് വീണ മന്ത്രിക്കസേരയിലേക്ക് എത്തുന്നത്. 2016ൽ കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത വീണ ജോർജ്ജ് ഇത്തവണയും ജയം ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞതവണ നിയമസഭയിൽ നടത്തിയ ഇടപെടലുകളിലൂടെ ശ്രദ്ധേയായ വ്യക്തിയാണ് വീണ ജോർജ്ജ്.
പിണറായി മന്ത്രിസഭയിൽ ആർ ബിന്ദുവും
തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്‍റെ മുൻ മേയറാണ് നിയുക്ത മന്ത്രി ആർ ബിന്ദു. കേരളവർമ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തിത്വം. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ബിന്ദു ഇരിങ്ങാലക്കുടയിൽ നിന്നാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്.
സിപിഐയിൽ നിന്ന് ചിഞ്ചുറാണി
സിപിഐ തങ്ങൾക്ക് അനുവദിച്ച നാല് മന്ത്രിമാരിൽ ഒരു സീറ്റ് ഇത്തവണ വനിതാ അംഗത്തിന് നൽകി എന്നതും ശ്രദ്ധേയമാണ്. ചടയമംഗലത്ത് നിന്നുള്ള അംഗമാണ് ചിഞ്ചുറാണി. മഹിളാ സംഘത്തിന്‍റെ നേതാവായി ദീർഘകാലമായി പ്രവർത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗൺസിസൽ അംഗം കൂടിയാണ്. നേരത്തെ ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ മന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ചിഞ്ചു റാണി ഇടംപിടിച്ചിരുന്നു.