വിദേശത്ത് നിന്ന് കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് പ്രത്യേക ഫോം: സൗദി ഏവിയേഷന്‍ അതോറിറ്റി

റിയാദ്: വിദേശത്ത് നിന്ന് വാക്‌സിനെടുത്ത് വരുന്ന പ്രവാസികളോട് യാത്രക്ക് മുമ്പേ പ്രത്യേക ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെടണമെന്ന് എല്ലാ എയര്‍ലൈനുകളെയും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സൗദികളും നേരത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്നറിയിച്ചവര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല. മുഖീം സിസ്റ്റത്തിന്റെ പ്രത്യേക ലിങ്ക് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതോടെ സൗദിയിലേക്കുള്ള അവരുടെ യാത്രാ നടപടികള്‍ സുതാര്യമാകുമെന്നും അതോറിറ്റി അറിയിച്ചു. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഏവിയേഷന്‍ അതോറിറ്റി, ഇല്‍മ് കമ്പനി, സാദിയ എന്നിവയുമാണ് സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഫൈസര്‍, ആസ്ട്രാസെനിക്ക കോവിഷീല്‍ഡ്, മോഡേര്‍ണ, ജോണ്‍സന്‍ എന്നിവയിലേതെങ്കിലും വാക്‌സിനുകള്‍ എടുത്തവരാണിതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആ രാജ്യത്തെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണം. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞേ യാത്ര സാധ്യമാവൂ. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് ഫോം പൂരിപ്പിക്കേണ്ടത്. ബോര്‍ഡിംഗ് പാസ് ഇഷ്യു ചെയ്യുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തും.
പേര്, ജനനത്തിയ്യതി, പാസ്‌പോര്‍ട്ട് നമ്പര്‍, പൗരത്വം, ഫ്‌ളൈറ്റ് നമ്പര്‍, വരുന്ന ദിവസവും സ്ഥലവും, എയര്‍ലൈന്‍, വാക്‌സിനെടുത്ത രാജ്യം, വാക്‌സിന്‍ ഇനം, ഒന്നാം ഡോസ് എടുത്ത തിയ്യതി എന്നിവയാണ് ഈ ഫോമില്‍ പൂരിപ്പിക്കേണ്ടത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് കൂടെ കരുതണമെന്നും അതോറിറ്റി അറിയിച്ചു. രെജിസ്ട്രേഷൻ ലിങ്ക്: https://muqeem.sa/#/vaccine-registration/register

 

 

spot_img

Related Articles

Latest news