തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തീരുമാനം എന്തിനാണെന്ന് അവര്‍ തന്നെയാണ് പറയേണ്ടതെന്നും ഒരു സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ ഇത്തരത്തിലുള്ള നിലപാടാണോ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു. അവരുടെ സാന്നിധ്യം ഇല്ലാത്തത് ശരിയായില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ കഴിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ പേര്‍ പങ്കെടുത്താല്‍ മതിയെന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. എന്നാല്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ആളുകള്‍ വരുകയെന്നത് ഞങ്ങളുടെ സമീപനം എന്ന് കെ കെ ശൈലജയെ ഒഴിവാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിലേക്കുളള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
അതേ സമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ളാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ളാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ.
പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്ര വിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.