ഇന്ത്യയുടെ വാക്‌സിന്‍‍ ഹബ്ബാകാന്‍ കര്‍ണാടക‍

കൊവാക്സിനും, സ്പുട്നിക്കും ഉത്പ്പാദിപ്പിക്കും; ഒരു വര്‍ഷത്തിനുള്ളില്‍ 50 മില്യണ്‍ ഡോസ്; ചരിത്ര തീരുമാനം

ബെംഗളൂരു: കൊവിഡ് രോഗ പ്രതിരോധ വാക്സിനുകളായ ഭാരത് ബയോടെകിന്റെ കൊവാക്സിനും റഷ്യയുടെ സ്പുട്നിക്-5 വാക്സിനും കര്‍ണാടകത്തില്‍ ഉത്പ്പാദിപ്പിക്കും. കര്‍ണാടകത്തിലെ മാലൂരില്‍ ഭാരത് ബയോടെക് ആരംഭിക്കുന്ന യൂണിറ്റില്‍ കൊവാക്സിനും സ്പുട്നിക്-5 വാക്സിന്‍ ധാര്‍വാഡിലുമാണ് ഉത്പ്പാദിപ്പിക്കുന്നത്.

ജൂണ്‍ അവസാനത്തോടെ ബേലൂരിലെ യൂണിറ്റില്‍ നിന്ന് ഒരു കോടി വാക്സിന്‍ ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. ജൂലൈ അവസാനത്തോടെ ഇത് രണ്ട്-മൂന്ന് കോടിയായും ആഗസ്റ്റ് അവസാനത്തോടെ നാല്-അഞ്ച് കോടിയായും ഉത്പ്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് ഭാരത് ബയോടെക് സ്ഥാപകന്‍ ഡോ.കൃഷ്ണ എല്ല, അറിയിച്ചതായി മന്ത്രി പറഞ്ഞു.

ധാര്‍വാഡിലെ ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിപിഎല്‍) എന്ന സ്ഥാപനമാണ് സ്പുട്നിക്-5 വാക്‌സിന്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്നത്. സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ, വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനുവേണ്ടിയാണ് എസ്ബിപിഎല്‍ വാക്സിന്‍ ഉത്പാദിപ്പിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ 50 മില്യണ്‍ ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയായി വരികയാണെന്ന് ശില്‍പ ബയോളജിക്കല്‍സ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ നിലവിലുള്ള രാജ്യത്തെ വാക്സിന്‍ ക്ഷാമത്തിന് ഉള്‍പ്പെടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img

Related Articles

Latest news