കോവിഡ് പ്രതിരോധം തന്നെയാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. പ്രതീക്ഷകളുടെ ഭാരമാണ് ആദ്യ തരംഗ കാലത്ത് കോവിഡിനെ പിടിച്ച് കെട്ടി ലോകത്തിന്‍റെയാകെ പ്രശംസ നേടിയെടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ഒപ്പം കഴിഞ്ഞ സര്‍ക്കാരിനെ പഴി കേള്‍പ്പിച്ച വിവാദങ്ങള്‍ പിന്തുടരാതെ മറികടക്കാനും കഴിയണം.
കോവിഡും പ്രളയവും തീര്‍ത്ത പ്രതിസന്ധികളില്‍ ആടിയുലാത്ത സര്‍ക്കാര്‍. പ്രതിസന്ധിയില്‍ ജനത്തെ ചേര്‍ത്ത് പിടിച്ച് കരുതലോടെ കൈപിടിച്ച സര്‍ക്കാര്‍. ഇതെല്ലാമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന് കൈയടി നേടിക്കൊടുത്തത്. സര്‍ക്കാരിന്‍റെ യശസ് ഉയര്‍ത്തിയ പ്രതിച്ഛായ നിലനിര്‍ത്തണമെങ്കില്‍ കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചു കെട്ടണം. രോഗികളുടെ എണ്ണം കൂടുമ്പോള്‍, ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞ് കവിയുമ്പോള്‍ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ചങ്കിടിപ്പ് കൂട്ടുന്നു.
ലോകം ശ്രദ്ധിച്ച ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തപ്പെടുത്താതെ ഇതൊന്നും സാധ്യമല്ല. കോവിഡിനെ തരണം ചെയ്യുക തന്നെയാവും സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളി. ഒപ്പം വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുമാവണം. സൗജന്യ വാക്സിനേഷന്‍ എന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കാനാവശ്യമായ ധന സമാഹരണവും വെല്ലുവിളി ഉയര്‍ത്തുന്നു. പുതിയ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ കോവിഡ് അതിജീവനം പ്രധാനപ്പെട്ടതായി മാറും.
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരിക്കലും വെല്ലുവിളിയാണ്. ധനപ്രതിസന്ധിയെ തരണം ചെയ്ത് വേണം മുന്നോട്ട് പോകാന്‍. അടിസ്ഥാന സൗകര്യ വികസന രംഗത്തെ വളര്‍ച്ചയ്ക്ക് കാതലായത് കിഫ്ബി പദ്ധതികളായിരുന്നു. കിഫ്ബിക്കെതിരെ സി ആന്‍റ് ജി തുടങ്ങി വെച്ച നീക്കം തുടരുമോയെന്ന ആശങ്കയും ശക്തം.
ഭരണ തുടര്‍ച്ചക്കൊപ്പം സ്വര്‍ണക്കടത്ത് കേസിലും തുടര്‍ വിവാദങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ ഭരണ കാലത്തും കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുകളില്‍ വട്ടമിട്ടു പറന്നാല്‍ അതും സര്‍ക്കാരിനു രാഷ്ട്രീയ വെല്ലുവിളിയാവും.