‘ഞാന്‍ ജനിച്ച കാലത്തെ കേരളമല്ല ഇന്നത്തെ കേരളം. ഞാന്‍ ജനിച്ച കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഈ മാറ്റത്തില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു’. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആദ്യം മുഴങ്ങിയത് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും നവകേരള ശില്പ്പിയുമായ ഇ എം എസിന്റെ വാക്കുകള്‍.
സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടു മുമ്പായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്ക്രീനിലാണ് ‘നവകേരള ഗീതാഞ്ജലി’ എന്ന വെര്‍ച്വല്‍ സംഗീതാവിഷ്കാരം അരങ്ങേറിയത്. ഇ എം എസ് മുതല്‍ പിണറായി വിജയന് വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സംഗീതാവിഷ്കാരം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് പാടി യേശുദാസ് മുതല്‍ പുതു തലമുറയിലെ ഗായകരും താരങ്ങളും വരെ പുതുഭരണത്തിന് ഭാവുകമോതി പരിപാടിയില്‍ കണ്ണിചേര്‍ന്നു. അയിത്ത കേരളത്തില്‍ നിന്ന് മാനവിക കേരളത്തിലേക്കുള്ള യാത്രയിലെ അവിസ്മരണീയ ഏടുകള്‍ കോര്‍ത്തുകൊണ്ടായിരുന്നു പരിപാടി.
പാവങ്ങളുടെ പടത്തലവന് എ കെ ജിയുടെ ആത്മകഥയിലെ അവസാന വാചകങ്ങള്‍ നടന് മുരളിയുടെ ശബ്ദത്തില്‍ മുഴങ്ങിയപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കണ്ടുകൊണ്ടിരുന്ന ജനലക്ഷങ്ങള്‍ക്ക് അതൊരു വൈകാരിക മുഹൂര്‍ത്തമായി.
പിറന്ന മണ്ണില്‍ ഇന്നു നീ ഉറച്ചുനില്‍ക്കൂ സോദരാ…എന്ന വിപ്ലവഗായിക പി കെ മേദിനിയുടെ ഗാനം ജനമനസ്സില്‍ സമരപുളകങ്ങള്‍ തീര്‍ത്തു. മണ്മറഞ്ഞ കവികളുടെ ഹൃദയസ്പര്‍ശിയായ വരികള്‍ക്കൊപ്പം കവി പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ ഈരടികളും ഗായകര്‍ ആലപിച്ചു. അംജത് അലിഖാന്, ഉമയാള്‍പുരം ശിവരാമന്, ശിവമണി, ഹരിഹരന്, പി ജയചന്ദ്രന്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാര്‍, മോഹന്‍ലാല്‍, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഔസേപ്പച്ചന്, എം ജയചന്ദ്രന്, ശരത്, ബിജി ബാല്‍, സിതാര, രമ്യാ നമ്പീശൻ, മഞ്ജരി, സുധീപ്കുമാര്‍ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമോതിയത്.
മമ്മൂട്ടി ആമുഖം അവതരിപ്പിച്ചു. സംവിധായകന് ടി കെ രാജീവ്കുമാറാണ് ആശയാവിഷ്കാരം നിര്‍വഹിച്ചത്. രമേശ് നാരായണന് സംഗീതം ചിട്ടപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ് ആല്‍ബം നിര്‍മിച്ചത്.