വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യപ്പെട്ടാല്‍ പാസ്പോര്‍ട്ട് നമ്പർ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
മെഡിക്കല്‍ സ്റ്റോറുകളിലെ ഫാര്‍മസിസ്റ്റുകള്‍ക്കും വാക്സിന്‍ നല്‍കാന്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സാധനങ്ങള്‍ക്കുവേണ്ടി ആദിവാസികള്‍ പുറത്തുപോകുന്നത് ഈ ഘട്ടത്തില്‍ പ്രശ്നമാകും.
അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൈയില്‍ സൂക്ഷിക്കണം.