കോവിഡ് വാക്സിനുകള്‍ ഉത്‌പാദിപ്പിക്കാന്‍ കേരളത്തില്‍ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ക്യാമ്പസില്‍ വാക്സിന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
ഇതിനായി വാക്സിന്‍ ഉത്‌പാദക മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്സിന്‍ക്ഷാമം പരിഹരിക്കാനാണ് ഈ നടപടി.
ഈ മേഖലയിലെ വിദഗ്ധര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാര്‍ നടത്തി ഇതില്‍ ധാരണയിലെത്തും.
കോവിഡ് മരുന്ന് ജൂണിലെത്തും
മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ച മരുന്ന് 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കി. ഇവ ജൂണില്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ മരുന്ന് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.