മുംബൈ: അന്തരിച്ച സംഗീത സംവിധായകന് രാം ലക്ഷ്മണിന് ആദരാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്. മേനെ പ്യാര് കിയ, ഹം ആപ്കെ ഹൈ കോന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഈണം പകര്‍ന്ന പ്രമുഖ സംഗീത സംവിധായകന് രാം ലക്ഷ്മണ് എന്നറിയപ്പെട്ടിരുന്ന വിജയ് പാട്ടീല്‍ (78) ആണ് അന്തരിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് നാഗ്പുരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. നാലു പതിറ്റണ്ടോളം ചലച്ചിത്ര സംഗീതലോകത്ത് സജീവമായിരുന്നു. ബോളിവുഡിനു പുറമെ മറാഠി, ഭോജ്പുരി സിനിമാസംഗീത രംഗത്തും സജീവമായിരുന്നു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചു. ദില്‍ ദീവാന, ദിദി ദേരാ ദേവര്‍ ദിവാന തുടങ്ങിയ അനശ്വര ഗാനങ്ങള്‍ അദ്ദേഹം ഈണം നല്കിയവയാണ്. ഏജന്റ് വിനോദ്, തരാന, ഹംസേ ബഡ്കര്‍ കോന്‍ തുടങ്ങി നൂറ്റന്‍പതിലേറെ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു.
സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം രാം ലക്ഷ്മണ് എന്ന പേരിലാണു പ്രവര്‍ത്തിച്ചിരുന്നത്. രാം എന്നതു സുരേന്ദ്രയും ലക്ഷ്മണ് എന്നത് വിജയ് പാട്ടീലുമായിരുന്നു. എന്നാല്‍, 1976ല്‍ പങ്കാളിയുടെ മരണശേഷവും രാം ലക്ഷ്മണ് എന്ന പേര് വിജയ് പാട്ടീല്‍ തുടരുകയായിരുന്നു.
1942 സെപ്റ്റംബര്‍ 16ന് നാഗ്പുരിലാണു ജനനം. പിതാവ്, അമ്മാവന് എന്നിവരില്‍ നിന്നു പ്രാഥമിക സംഗീത പഠനത്തിനു ശേഷം വിദഗ്ധപരിശീലനം നേടി. 1974ല്‍ ചലച്ചിത്രകാരനും നടനുമായ ദാദാ കോണ്‍കെയുടെ പാണ്ഡു ഹവാല്‍ദാര്‍ എന്ന മറാഠി ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്.