ആലിപുര്‍ദ്വാര്‍ : ബംഗാള്‍ ഭരിയ്ക്കുന്നത് ബംഗാളികള്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറില്‍ റാലിയില്‍ പങ്കെടുക്കവേയായിരുന്നു മമതയുടെ പ്രസ്താവന. പശ്ചിമ ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിയ്ക്കാന്‍ കഴിയില്ലെന്നും മമത വ്യക്തമാക്കി.
ബംഗാളികളും അല്ലാത്തവരും തമ്മില്‍ വ്യത്യാസമില്ല. എല്ലാവരെയും ഒപ്പം കൂട്ടും. ബീഹാറില്‍ നിന്നോ, ഉത്തര്‍ പ്രദേശില്‍ നിന്നോ, രാജസ്ഥാനില്‍ നിന്നോ, തെരായിയില്‍ നിന്നോ, ദോവാറില്‍ നിന്നോ ആകട്ടെ. എന്നാല്‍ ഗുജറാത്തിന് ഒരിക്കലും ബംഗാളിന് മുകളില്‍ അധികാരം സ്ഥാപിക്കാന്‍ ആകില്ലെന്ന് ഓര്‍ക്കണമെന്നും മമത വ്യക്തമാക്കി.
ബംഗാളില്‍ വസിക്കുന്നവരെ ബംഗാള്‍ ഭരിക്കൂവെന്നും മമത പറഞ്ഞു. എല്ലാവരെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഭയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാക്കുന്നുണ്ടെന്നും അത് ബംഗാളില്‍ ഇതുവരെ നടപ്പിലായില്ലെന്നും അത് നടപ്പിലാകാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.