ഡോ. കെ റഹ്മത്തുള്ളയുടെ അപ്രതീക്ഷിത മരണം : ഞെട്ടൽ മാറാതെ റിയാദിലെ പ്രവാസി സമൂഹം

റിയാദിലെ അൽ യാസ്മിൻ ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ റഹ്മത്തുള്ളയുടെ അകാല മരണം റിയാദിലെ പ്രവാസി സമൂഹത്തിന് ഞെട്ടലായി. കോവിഡ് ബാധിച്ചു സ്വദേശമായ ചെന്നെയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരണമടഞ്ഞത്.

അദ്ധേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ റിയാദിലെ വിവിധ തുറകളിലെ വ്യക്തിത്വങ്ങളും കൂട്ടായ്മകളും സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി. അദ്ധേഹത്തിന്റെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും സഹപ്രവർത്തകരും ഏറെ ആദരവോടെയാണ് അദ്ധേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

നല്ലൊരു സഹൃദയനും ധാരാളം ശിഷ്യ സമ്പത്തുള്ള മാതൃക അദ്ധ്യാപകനുമായിരുന്നു അദ്ദേഹമെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അനുസ്മരിച്ചു. സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെയും റിസയുടെയും അടുത്ത സഹചാരിയും സഹോദര തുല്യനും ആത്മ മിത്രവുമായ അദ്ദേഹത്തിന്റെ വേർപാട് കടുത്ത നഷ്ടമുണ്ടാക്കുന്നതാണ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

മനുഷ്യസ്നേഹിയായ അദ്ധ്യാപകൻ ആയിരുന്നു ഡോ. റഹ്മത്തുള്ളയെന്ന് ലോക കേരള സഭാംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ (ഇന്റർനാഷണൽ എനർജി ഫോറം, റിയാദ്) അനുശോചന സന്ദേശത്തിൽ അറിയിച്ചു.

‘ചില മരണങ്ങൾ വല്ലാത്തൊരു വേദനയായി മനസ്സിൽ നിറയും. ഇന്നലെ രാത്രി റിയാദിലെ ഇന്ത്യൻ സമൂഹത്തെ ആകമാനം ഞെട്ടിച്ചു കൊണ്ടാണ് ഡോക്ടർ കെ റഹ്മതുല്ലയുടെ വിയോഗ വാർത്ത വന്നത്. ചെന്നൈയിലെ പോരൂരിനടുത്ത രാമപുരം സ്വദേശിയായ അദ്ദേഹത്തെ അമ്പതാമത്തെ വയസ്സിലാണ് മരണം കവർന്നെടുത്തത് എന്നതാണ് വേദന ഇരട്ടിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി അദ്ദേഹം കോവിഡ് പത്തൊമ്പതിന്റെ പിടിയിലായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നാണ് അറിയുന്നത്.’ ഇബ്രാഹിം സുബ്ഹാന്റെ അനുശോചന കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ പതിമൂന്ന് വർഷമായി റിയാദിലുള്ള ഡോ: കെ റഹ്മത്തുള്ള നേരത്തെ ജിദ്ദയിലെ അൽ വദൂദ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പാളായിരുന്നു. രണ്ട് പതിറ്റാണ്ടോളം ജിദ്ദയിലും റിയാദിലും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചത് കൊണ്ട് തന്നെ സ്വദേശികളും വിദേശികളുമായ നിരവധി സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്.

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഒരു സ്ഥാപനത്തിന്റെ നടത്തിപ്പ് സുഖകരമാവുക എന്ന തിരിച്ചറിവാണ് റഹ്മത്തുല്ലയുടെ സവിശേഷത. ഒരു തലമുറയുടെ ജീവിതമാണ് നമ്മുടെ കൈകളിൽ മാതാപിതാക്കൾ ഏല്പിച്ചിരിക്കുന്നതെന്ന് ഓരോ അധ്യാപകനെയും നിരന്തരം ഓർമിപ്പിച്ചു അദ്ദേഹം. ആ ഓർമ്മകൾ ഉണർത്താൻ കിട്ടുന്ന ഓരോ അവസരവും അദ്ദേഹം മറക്കാതെ വിനിയോഗിച്ചു. വിദ്യാഭ്യാസം കച്ചവടമല്ലെന്നും പൊതുബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കലാണെന്നും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരെയും നടത്തിപ്പുകാരേയും അദ്ദേഹം തെര്യപ്പെടുത്തി കൊണ്ടിരുന്നു. ഇത്തരം സവിശേഷതകളാണ് റഹ്മത്തുള്ള എന്ന അധ്യാപകനെ ജനകീയനാക്കിയത് എന്ന് ഇബ്രാഹിം സുബ്ഹാൻ ഓർമ്മിച്ചു.

പാഠപുസ്തകത്തിനപ്പുറത്തുള്ള ജീവിത പരിസരത്തേക്ക് വിദ്യാർത്ഥികളെ കൊണ്ടു പോകാനും അവിടെ നിന്ന് അനുഭവ പാഠങ്ങൾ സായത്വമാക്കാനും വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ഒട്ടും അലസത കാണിച്ചില്ല.. ഇത്തരം പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രീതി പിടിച്ചു പറ്റാൻ സഹായിച്ചു. ഊർജ്ജസ്വലനായ അദ്ധ്യാപകൻ എന്നതിനൊപ്പം മനുഷ്യപറ്റുള്ള ആൾ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി.

ഗൾഫിലെ മാതാപിതാക്കളുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുക. അത്തരം വിഷയങ്ങളിൽ സാമൂഹ്യ പ്രവർത്തകന്റെ ചടുലതയോടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഞാനടക്കമുള്ള നിരവധി പേരുടെ സഹായം തേടാറുമുണ്ട്.

റിയാദിലെ ജീവകാരുണ്യ, കലാകായിക പ്രോഗ്രാമുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡോക്ടർ റഹ്മത്തുള്ള. തമിഴ്നാട് സ്വദേശി ആണെങ്കിലും മലയാളികളോട് ഏറെ അടുപ്പവും ആദരവും പ്രകടിപ്പിച്ച അദ്ദേഹം മലയാളി കമ്മ്യൂണിറ്റിയുടെ പരിപാടികളിൽ നിറ സാന്നിദ്ധ്യമായിരുന്നു.

spot_img

Related Articles

Latest news