എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നതടക്കം നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുന്‍പാകെ ഹൈക്കോടതി ഉന്നയിച്ചത്. വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണ്.

ഇതില്‍ ഒറ്റയ്ക്ക്തീരുമാനം എടുക്കാന്‍ സാധിക്കുകയില്ല. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് കേന്ദ്രം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കി കൂടേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴും കൃത്യമായ മറുപടി കേന്ദ്രം നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു നിരവധി ചോദ്യങ്ങള്‍ വീണ്ടും ഹൈക്കോടതി ഉന്നയിച്ചത്.

രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട്് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല?, ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? അടക്കം നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്.

Media wings:

spot_img

Related Articles

Latest news