മലപ്പുറം: ലക്ഷദ്വീപിനെ തകര്‍ക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ദ്വീപിന്റെ തനത് സംസ്കാരം സംരക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
കേരളവുമായി ഏറെ അടുപ്പമുള്ള നിഷ്കളങ്കരായ ജനവിഭാഗമാണ് ലക്ഷദ്വീപുകാര്‍. നൂറ്റാണ്ടുകളായി അവര്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ സംസ്കാരവും ജീവിതോപാധികളും ഇല്ലാതാക്കി ദ്വീപ് നിവാസികളെ ചൂഷണം ചെയ്യുന്ന സമീപനമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.
ലക്ഷദ്വീപിനെ തകര്‍ക്കുന്ന കരിനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ഹൈദരാലി തങ്ങള്‍ ആവശ്യപ്പെട്ടു. സംരക്ഷിത ജനവിഭാഗം എന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ് ലക്ഷദ്വീപുകാര്‍.
ആരെയും ഉപദ്രവിക്കാതെ കൃഷിയും മത്സ്യബന്ധനവുമായി ജീവിക്കുന്ന അവരെ ഭരണകൂടം വേട്ടയാടുന്നതായാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നത്. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് ദ്രോഹിക്കുന്നതിന് പുറമെ ബീഫ് നിരോധനം, അനാവശ്യ ഗുണ്ടാ ആക്ട്, ജീവനക്കാരെ പിരിച്ചുവിടല്‍, ബാറുകള്‍ അനുവദിക്കല്‍ എന്നിങ്ങനെ ഇത്രയും കാലം ദ്വീപിലുള്ളവര്‍ അനുഭവിച്ചിട്ടില്ലാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
പുതിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുകയും ലക്ഷദ്വീപിലുള്ളവരുടെ പാരമ്പര്യവും സംസ്കാരവും ജീവിതോപാധികളും സംരക്ഷിക്കുന്ന ഐഎഎസ് റാങ്കുള്ള അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും വേണമെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.