പശു തീവ്രവാദവും തരാന്‍ തുടങ്ങിയോ? ലക്ഷദ്വീപിന് പിന്തുണയുമായി രശ്മിത

കൊച്ചി: ലക്ഷദ്വീപിന് പിന്തുണയുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍. ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണപരിഷ്‌കരണങ്ങളെ വിമര്‍ശിച്ചാണ് രശ്മിത രംഗത്ത് എത്തിയത്. ലക്ഷദ്വീപില്‍ ഡയറി ഫാമിംഗ് നിര്‍ത്തലാക്കി. ഇവര്‍ തന്നെയല്ലെ അടുത്തകാലം വരെ പറഞ്ഞ് നടന്നത് പശു ഓക്‌സിജന്‍ തരും, ഓസോണ്‍ പാളിക്ക് ഗുണം ഉണ്ടാക്കുമെന്നും ഇപ്പോള്‍ പശു തീവ്രവാദവും തരാന്‍ തുടങ്ങിയോയെന്നും രശ്മിത പറഞ്ഞു. റിപ്പോട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു രശ്മിതയുടെ പ്രതികരണം.

അതേസമയം ഏറെ വിവാദങ്ങള്‍ വഴിയൊരുക്കിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെഎസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ . കൂടാതെ വ്യാജവാര്‍ത്തകളിലൂടെ പ്രതിഷേധം കൂടുതല്‍ വശളാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ വ്യാജപ്രചാരണം ട്വീറ്റ് ചെയ്‌തെന്ന പേരിൽ കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

രശ്മിത രാമചന്ദ്രന്റെ വാക്കുകള്‍:

ഭസ്മാസുരന് വരം കൊടുത്തത് പോലെ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് പ്രഫുല്‍ പട്ടേല്‍ എന്ന ദല്ലാള്‍ ചെയ്യുന്നതെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍. ‘സൊറാബുദ്ദീന്‍ ഷെയ്ക്ക് കേസില്‍ അമിത് ഷാ ജയിലില്‍ പോകുമ്ബോള്‍ പകരം ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തതില്‍ തുടങ്ങിയതല്ല, പ്രഫുല്‍ കെ പട്ടേലിന്റെ ട്രാജെക്ടറി. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ ഒരു ദല്ലാളാണ് പ്രഫുല്‍ പട്ടേല്‍. ഗുജറാത്തില്‍ കോണ്‍ട്രാക്ടറായി, ബിജെപിയുമായി ഇഷ്ടം ചേര്‍ന്ന കാലം മുതല്‍ സാബര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്വന്തം കമ്ബനി വകയായിട്ട് അവിടുത്തെ മുഴുവന്‍ കോണ്‍ട്രാക്‌ട് വര്‍ക്കുകളും സ്വന്തമാക്കിയ ഒരു അഴിമതിക്കാരനാണ് അദ്ദേഹം’.

ദാദ്ര നഗര്‍ ഹവേലിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കെ തന്നെ അവിടെ കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ റിട്ടേണിംഗ് ഓഫീസറായിരിക്കെ അദ്ദേഹത്തിന്റെ ചുമതലകളില്‍ ഇടപെടാന് ശ്രമിച്ചുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യാതൊരു നിവൃത്തിയും ഇല്ലാതെ ബിജെപിയുടെ കീഴിലുള്ള ഇലക്ഷന്‍ കമ്മീഷന്‍ തന്നെ താക്കീത് കൊടുത്ത വ്യക്തിയാണ് പ്രഫുല്‍ പട്ടേല്‍. കണ്ണന്‍ ഗോപിനാഥനെതിരെ പട്ടേല്‍ അയച്ച നോട്ടീസ് ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ട് പിന്‍വലിപ്പിക്കുകയാണ് ഉണ്ടായത്. ‘റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്‌ട്’ വൈലേറ്റ് ചെയ്തുവെന്നതായിരുന്നു പ്രഫുല്‍ പട്ടേലിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ കണ്ടെത്തിയ കുറ്റമെന്നും രശ്മിത ചൂണ്ടിക്കാട്ടി.

‘പ്രഫുല്‍ പട്ടേലില്‍ നിന്നുള്ള സ്‌ട്രെസ്സ് താങ്ങാന്‍ കഴില്ലെന്ന് പറഞ്ഞുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ നിന്നും രാജിവെയ്‌ക്കേണ്ടി വരുകയായിരുന്നുവെങ്കില്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ സൗത്ത് മുംബൈയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത ദാദ്ര നഗര്‍ ഹവേലിയില്‍ നിന്ന് ഏഴ് തവണ കോണ്‍ഗ്രസിന്റെ എംപിയായിരുന്ന മോഹന്‍ ദെല്‍ക്കര്‍ സ്വന്തം ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത് താന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് എന്നായിരുന്നു. മോഹന്‍ ദെല്‍ക്കറിനോട് 25 കോടി രൂപയാണ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റ മകന്‍ അഭിനവ് ദല്‍ക്കര്‍ പറഞ്ഞത്. ഇതാണ് പ്രഫുല്‍ കെ പട്ടേലിന്റെ ട്രാജെക്ടറി’.

‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ അന്തരിച്ചപ്പോഴാണ് ദാദ്രയുടെ ചുമതലയിലിരിക്കെ ലക്ഷദ്വീപിന്റെ ചുമതല പ്രസിഡന്റ് പട്ടേലിന് നല്‍കിയത്. ലക്ഷദ്വീപില്‍ തീവ്രവാദത്തിന്റെയും മറ്റും പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഇവിടെ ഗൂണ്ടാ ആക്‌ട് അടക്കം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പട്ടേലിന്റെ വാദം. ക്രൈം റെക്കോഡ്‌സ് പ്രകാരം ഇവിടുത്തെ ഏറ്റവും വലിയ കുറ്റം കൊള്ളയും ഏറ്റവും ചെറിയ കുറ്റം മോഷണവുമാണ്’.

‘തീരം വൃത്തിയാക്കുന്ന നടപടികളിലേക്കാണ് ഇവര്‍ പോകുന്നതെന്നാണ് വാദിക്കുന്നത്. ആ വൃത്തിയാക്കലും ഇവര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. 200 ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിന് തീവ്രവാദവുമായി എന്താണ് ബന്ധം. 38 അംഗനവാടികള്‍ പൂട്ടി. വിദ്യാഭ്യാസത്തിനോട് ഇവരുടെ രാഷ്ട്രീയത്തിന് അങ്ങേയറ്റം വെറുപ്പാണെന്ന് എനിക്കറിയാം, എങ്കില്‍ പോലും ഈ അംഗനവാടികളിലാണോ തീവ്രവാദികള്‍ പഠിക്കുവാന്‍ എത്തുന്നത്. ഇങ്ങനെ, ടൂറിസം, മൃഗസംരക്ഷണ വകുപ്പുകളിലെ ഒട്ടേറെപ്പേരെ ഇവര്‍ പറഞ്ഞുവിട്ടു. ഡയറി ഫാമിംഗ് നിര്‍ത്തലാക്കി. ഇവര്‍ തന്നെയല്ലെ അടുത്തകാലം വരെ പറഞ്ഞ് നടന്നത് പശു ഓക്‌സിജന്‍ തരും, ഓസോണ്‍ പാളിക്ക് ഗുണം ഉണ്ടാക്കുമെന്നും ഇപ്പോള്‍ പശു തീവ്രവാദവും തരാന്‍ തുടങ്ങിയോ?’

‘മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയിട്ടുള്ള ആളുകളാണ് അവിടെ ഉള്ളത്. അവരോട് ഇവര്‍ എന്താണ് ചെയ്തത്. അവരുടെ വലയും മറ്റും വെക്കേണ്ട ഷെഡ്ഡുകളും മറ്റും പൊളിപ്പിച്ചു കളയുകയാണ്. ഒന്നും ഉണ്ടാക്കികൊടുക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല, നശിപ്പിച്ച്‌ കളയുകയാണ്’. ’99 ശതമാനവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ഉള്ളത്. അവര്‍ക്ക് മദ്യം ഹറാമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ലാവിഷായി മദ്യവിതരണത്തിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തുകൊണ്ട് അവിടുത്തെ സംസ്‌കാരം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 239 അനുസരിച്ച്‌ യൂണിയന് ടെറിട്ടറീസ് ഉണ്ടാക്കിയിരിക്കുന്നത്, 1956 ല്‍ ഏഴാം അമന്റ്‌മെന്റ് വഴി മുമ്പ് ചീഫ് കമ്മീഷണര്‍മാരും, ലെഫ്. ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന പ്രവിശ്യകളുടെ ഇന്‍ഡിജീനസ് കള്‍ച്ചര്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് യൂണിയന്‍ ടെറിട്ടറികള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഭസ്മാസുരന് വരം കൊടുത്തത് പോലെ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് പ്രഫുല്‍ പട്ടേല്‍ എന്ന ദല്ലാള്‍ ചെയ്യുന്നത്’.

‘അദ്ദേഹത്തിന്റെ മറ്റൊരു ഭരണ പരിഷ്‌കാരമാണ് പഞ്ചായത്തില്‍ രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മത്സരിക്കുവാന്‍ സാധിക്കില്ല. രണ്ട് മക്കളുള്ളവര്‍ ഭരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ ആ സ്ഥാനം നഷ്ടപ്പെടും. അങ്ങനെയൊരു നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയാല്‍ ഇന്ത്യയ്ക്ക് ഒരു ആരോഗ്യമന്ത്രി ഉണ്ടാവില്ല. ബിജെപിയുടെ 96 എംപിമാര്‍ക്ക് രണ്ട് മക്കളില്‍ കൂടുതലുണ്ട്’.

അടിയന്തിരമായി ചെയ്യേണ്ടത് എളമരം കരീം എംപി ഉള്‍പ്പെടെ പ്രസിഡന്റിന് കൊടുത്തിട്ടുള്ള നോട്ടീസുകള്‍ പരിഗണിച്ചുകൊണ്ട് അനുച്ഛേദം 239 അനുസരിച്ചുള്ള സാധ്യതകള്‍ വെച്ചുകൊണ്ട് ഡല്‍ഹി അഡ്മിനിസ്‌ട്രേഷന്റെ കാര്യത്തില്‍ സുപ്രീ കോടതി നടത്തിയിട്ടുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അനുച്ഛേദം 239 തും 240 മനുസരിച്ചും അടിയന്തിരമായി പ്രഫുല്‍ കെ പട്ടേല്‍ എന്ന ദല്ലാളിനെ മാറ്റണമെന്ന് രശ്മിത രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news