കോഴിക്കോട്: മണിചെയിൻ തട്ടിപ്പ് മാതൃകയിൽ ജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ ശേഖരിച്ച് വണ്ടൂർ സ്വദേശി അജ്മൽ റഷാദും മമ്പാട് സ്വദേശി മുഹമ്മദ് തൻസീഹും വിലസുന്നു. ഓഹരി വിപണിയിലേക്കും മറ്റു ബിസിനസ് ആവശ്യങ്ങൾക്കും എന്ന േപരിലുള്ള മണിചെയിൻ തട്ടിപ്പിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് നിക്ഷേപിച്ചത്. ഹൃദയശസ്ത്രക്രിയക്കും വീടുനിർമാണത്തിനുമടക്കം നീക്കിവെച്ച തുകയാണ് തട്ടിപ്പ്സംഘം മോഹനവാഗ്ദാനം നൽകി കൈയിലാക്കിയത്.
കോഴിക്കോട്, മലപ്പുറം, തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ളവർ പണം നഷ്ടമായവരിലുണ്ട്. ആയിരം കോടിയിലേറെ രൂപ പല സംഘങ്ങളായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി, മുക്കം ഭാഗങ്ങളിൽ പണം നഷ്ടമായി കണ്ണീര് കുടിക്കുന്നവർ ഏറെയാണ്. നിക്ഷേപിക്കുന്ന പണത്തിന് ദിനംപ്രതി ഒന്നര ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കുന്നത്. കൂടുതൽ കണ്ണികളെ ചേർത്താൽ നിക്ഷേപത്തിെൻറ പത്തു ശതമാനം വരെ കമീഷനും നൽകും. തുടക്കത്തിൽ കൃത്യമായി പലിശയും കമീഷനും നൽകിയ തട്ടിപ്പ്സംഘം പിന്നീട് നിക്ഷേപിച്ച തുക പോലും തിരിച്ചു തരുന്നില്ലെന്ന പരാതി വ്യാപകമാണ്.
വിവിധ പേരുകളിലുള്ള തട്ടിപ്പ് സംഘമാണെങ്കിലും സൂത്രധാരൻ വണ്ടൂർ സ്വദേശിയാണെന്ന് പണം നഷ്ടമായവർ പറയുന്നു. ബിസിനസിൽ പണം ഇറക്കി ലാഭവിഹിതം നേടാം എന്ന മോഹനവാഗ്ദാനത്തിൽ പലരും വീണു. 80 ലക്ഷവും ഒരു കോടി രുപയും വരെ നിക്ഷേപിച്ചവരുണ്ട്. തുടക്കത്തിൽ ഓരോ ആഴ്ചയിലും ലാഭവിഹിതം നൽകിയിരുന്നു.
പുതുതായി ഒരാളെ ചേർത്താലും കമീഷൻ െകാടുത്തു. കുറച്ച് മാസം കഴിഞ്ഞതോടെ എല്ലാം നിശ്ചലമായി. ‘ട്രേഡ്’ എന്നാണ് നടത്തിപ്പുകാർ പറയുന്നത്. ഓഹരി വിപണിയിലെ കച്ചവടമാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഒരുരേഖയും നിക്ഷേപകർ കണ്ടിട്ടില്ല. നിക്ഷേപിച്ച പണമുപയോഗിച്ച് മലപ്പുറത്തും തമിഴ്നാട്ടിലും ബിസിനസ് സംരംഭങ്ങൾ തുടങ്ങിയതായും തട്ടിപ്പുകാർ അവകാശപ്പെടുന്നുണ്ട്. എല്ലാം കളവാണെന്ന് പണം നഷ്ടമായവർ പറയുന്നു. ഒരു പേരിൽ പണം ശേഖരിച്ച് തിരിച്ചുനൽകാതെ പുതിയ പേരിൽ മറ്റൊരു തട്ടിപ്പുമായി രംഗത്തെത്തുന്നതാണ് ഇവരുടെ രീതി.
തുക നിക്ഷേപിച്ചതിനു പുറമെ, മണിച്ചെയിൻ മാതൃകയിൽ കൂടുതൽ കണ്ണികളെ ചേർത്തവരും കുരുക്കിലായിരിക്കുകയാണ്. താഴെത്തട്ടിലെ കണ്ണികളിലുള്ളവർ പണം ചോദിച്ച് വരില്ലെന്ന ധൈര്യത്തിലാണ് തട്ടിപ്പുകാർ. വണ്ടൂരിന് പുറമെ നിലമ്പൂരിലും മറ്റൊരു സംഘം പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിെൻറ ബുദ്ധിേകന്ദ്രമായ വണ്ടൂർ സ്വദേശിക്ക് തൊട്ടുതാഴെ മമ്പാട് സ്വദേശി മുഹമ്മദ് തൻസീഹാണ് പ്രധാന ‘ഉദ്യോഗസ്ഥൻ ‘. ഇവരുടെ കീഴിൽ മാത്രം മൂവായിരത്തിലേറെ പേർ പണം നിക്ഷേപിച്ചിട്ടുണ്ട്. വണ്ടൂർ സ്വദേശിയുടെ വീട്ടിൽ ചിലർ പണം ചോദിച്ച് പോയിരുന്നു. െപാലീസിൽ പരാതി നൽകിയാൽ പണം തിരിച്ചുതരാൻ ഇനിയും വൈകുമെന്നാണ് ഇവരുടെ ഭീഷണി. പോലീസിൽ അറിയിച്ചാലോ മറ്റെന്തെങ്കിലും രീതിയിലോ ഞങ്ങള്‍ക്കെതിരെ നീങ്ങിയാല്‍ കൊട്ടേഷൻ കൊടുത്ത് കൈകാര്യം ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തി.