കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 30 വരെ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2021 മെയ് 31 വരെ രജിസ്ട്രേഷന് പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ പുതുക്കാം. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്ട്രേഷന് പുതുക്കേണ്ടതായ എസ്.സി/എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കല്‍ കാലാവധി 2021 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. എസ്.സി/എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുളള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല. www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ ഓണ്‍ലൈനായും നിര്‍വ്വഹിക്കാം. ഇത്തരത്തില്‍ രജിസ്ട്രേഷനോ സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലോ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ ദൂതന് മുഖേനയോ 2021 ആഗസ്റ്റ് 31 വരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനയ്ക്കായി ഹാജരാകാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താല്‍ക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും സമയം ദീര്‍ഘിപ്പിച്ചു.