ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിത രീതിയും ജീവനോപാധികളും തച്ചുടക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്റേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോര്‍പ്പറേറ്റ് താത്പര്യങ്ങളാണെന്ന് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ദ്വീപിനെ അടിയറ വയ്ക്കുന്ന നടപടിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളിലും അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ അവിടെയും നടപ്പാക്കിയത് കോര്‍പ്പറേറ്റ് താത്പര്യങ്ങളാണ്. മൂന്നര സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ 15 മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മിച്ച് ആളുകളെ കുടിയൊഴിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നും എം.പി ചോദിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയ്ക്ക് കോട്ടം വരുത്തുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച നടപടി. രണ്ടു കുട്ടികളിലധികമുള്ളവര്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഡാറ്റകളുടെ പിന്‍ബലമില്ലാതെ തന്നിഷ്ടം നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്. ഇതിനായി ഏതുതരം സമരരംഗത്തുമിറങ്ങാനും ഒരുക്കമാണെന്നും എം.പി. പറഞ്ഞു