തിരുവനന്തപുരം: സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ് നടപടി കർക്കശമാക്കുന്നത്.
ഫോൺ ഇൻ പരിപാടിയിൽ ബുധനാഴ്ച എത്തിയതിലേറെയും റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമായിരുന്നു. ഫോണിൽ മന്ത്രിയെ നേരിട്ട് വിളിച്ചതിനു പുറമെ ബുധനാഴ്ച ഉച്ച വരെ നൂറിലേറെ പരാതികളും അഭിപ്രായങ്ങളുമാണ് വാട്‌സ് ആപ്പ് സന്ദേശമായി ലഭിച്ചത്.
അനർഹരായ മുൻഗണന റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് സ്വയം ഒഴിവാക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ഉയർന്ന അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം.
തിരുവനന്തപുരം പുളിമൂട് സപ്‌ളൈകോ ഔട്ട്‌ലെറ്റിൽ നിന്ന് സബ്‌സിഡി സാധനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഉടനടി നടപടി സ്വീകരിച്ചു. സബ്‌സിഡി സാധനങ്ങൾ കൃത്യമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ നിർദ്ദേശം നൽകി.
സപ്‌ളൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാറായെന്നും നിയമനം വേഗത്തിലാക്കണമെന്നുമായിരുന്നു ഫോണിൽ വന്ന ഒരു പരാതി. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഗുണമേൻമ സംബന്ധിച്ചും പരാതിയുണ്ടായി. കിടപ്പുരോഗികൾക്ക് റേഷൻ വാങ്ങിയെത്തിക്കുന്നതിന് വീട്ടിലെ മറ്റൊരംഗത്തെയോ വീട്ടിൽ ഒറ്റയ്ക്കാണെങ്കിൽ മറ്റൊരാളെയോ ചുമതലപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ടോ ഓൺലൈനിലോ നൽകാം.
വിശദമായ പരാതികളും അഭിപ്രായങ്ങളും അവതരിപ്പിക്കേണ്ടവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്‌ളാറ്റ്‌ഫോം വഴി മന്ത്രിയുമായി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, പി. ആർ. ഡി വെബ്‌സൈറ്റുകളിൽ ലഭിക്കും. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.