ലക്ഷദ്വീപില്‍ ഇന്ന് നിര്‍ണായക സര്‍വകക്ഷിയോഗം; ബിജെപിയും പങ്കെടുക്കും; തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യും

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്.

ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരേ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതു അഭിപ്രായം. യോഗത്തില്‍ ബിജെപിയുടെ നിലപാടും നിര്‍ണായകമാണ്. വിവാദ നടപടികളില്‍ പ്രതിഷേധിച്ച്‌ ദ്വീപിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ഇതിനിടെ കൊവിഡ് കേസുകള്‍ കൂടിയിട്ടും ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. കൊവിഡ് കേസുകള്‍ കൂടുതലുള്ള കവരത്തി, അഗത്തി ദ്വീപുകളില്‍ ഓക്‌സിജന്‍ കിടക്ക, ഐസിയു സൗകര്യങ്ങള്‍ കുറവാണെന്നാണ് ആക്ഷേപം. ചികിത്സ സൗകര്യങ്ങളുള്ള ദ്വീപുകളിലേക്ക് രോഗികളെ മാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ഉത്തരവും വരും ദിവസങ്ങളില്‍ സാഹചര്യം സങ്കീര്‍ണ്ണമാക്കും.

ബംഗാരം ടൂറിസം ദ്വീപിന്റെ നടത്തിപ്പും ലക്ഷദ്വീപിന്റെ കൊച്ചി ഗസ്റ്റ് ഹൗസും സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ നീക്കം തുടങ്ങിയെന്നാണ് വിവരം. ദ്വീപില്‍ സ്വകാര്യ ഡെയറി ഫാമുകളുടെ ആദ്യ കേന്ദ്രം കവരത്തിയില്‍ തുടങ്ങാനാണ് തീരുമാനമായത്. സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനായി കാര്യക്ഷമതയില്ലാത്തവരുടെ പട്ടിക ഉടന്‍ തയ്യാറാക്കാനും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

spot_img

Related Articles

Latest news