ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സമിതി യോഗം വെള്ളിയാഴ്ച ചേരും. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടം വാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ദീര്‍ഘ നേരം ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്.
സീതാരാമന് അധ്യക്ഷയാകുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 43-ാമത് യോഗമാണിത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ കാരണം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്.