കോവിഡ് കേസ്സുകൾ ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ സൗദി അറേബ്യ നിയന്ത്രണങ്ങൾ ശക്തമാക്കി. ജിദ്ദയും റിയാദും ഉൾപ്പെടെ മിക്ക നഗരങ്ങളിലും ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ തുടങ്ങിയവയിലേക്ക് പ്രവേശനം തവക്കൽനാ ആപ്പ് വഴി നിയന്ത്രിച്ചിട്ടുണ്ട്.
കൂടാതെ റെസ്റ്റോറന്റുകളിൽ നിന്നും അടുത്ത പത്ത് ദിവസത്തേക്ക് പാഴ്‌സൽ മാത്രമേ അനുവദിക്കുകയുള്ളൂ. ജിം, സിനിമ, വിനോദ കേന്ദ്രങ്ങൾ, തുടങ്ങിയവ എല്ലാം പത്തു ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സാമൂഹിക ഒത്തുചേരലുകളും പരമാവധി 20 പേര് മാത്രമായി ചുരുക്കിയിട്ടുമുണ്ട്.
സൗദി ടെലികോം കമ്പനി ഉൾപ്പെടെ പല സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കുള്ള വിലക്കുകൾക്ക് പുറമെയാണിത്.
അതെ സമയം , രാജ്യത്തെ പനി ക്ലിനിക്കുകളുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കുകയും ആരോഗ്യ മന്ത്രാലയവും ആശുപത്രികളും ഏതു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, പള്ളികളിലെ പ്രവേശനവുമായി ബന്ധപ്പെട്ടും രാജ്യം മുഴുവൻ ലോക്ക് ഡൌൺ ചെയ്യുന്നതിനെ കുറിച്ചുമുള്ള അഭ്യൂഹങ്ങളും സാമൂഹ്യ മാധ്യമ ചർച്ചകളും ശക്തമാണ്.