കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും തീരുമാനം. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നത്. സ്കൂളുകൾ ലയിപ്പിക്കുന്നതിന്റെ മറവിലാണ് അടച്ച് പൂട്ടൽ.
15 ഓളം സ്കൂളുകളാണിതുവരെ പൂട്ടിയത്. കിൽത്താനിൽ മാത്രം നാല് സ്കൂളുകൾക്കാണ് താഴ് വീണത്. മറ്റ് ചില സ്കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികൾ പറയുന്നു.
വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടർ വിളിച്ചു.
നിലവിൽ രണ്ട് എയർ ആംബുലൻസുകളാണ് ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നൽകാനാണ് നീക്കം