കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജ അടക്കമുള്ളവരെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. മന്ത്രിമാരിൽ ഒരാൾക്ക് മാത്രം ഇളവ് നൽകാൻ കഴിയില്ലെന്നും നിലവിലെ മന്ത്രിമാരെ ഉൾപ്പെടുത്തിയാൽ പുതിയവർ പുറന്തള്ളപ്പെടുമെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രൻപിള്ള എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പാർട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തലുകളാണ് എസ്.ആർ.പിയുടെ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.
എം.എൽ.എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് നൽകേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി ലേഖനത്തിൽ പറയുന്നു. എം.എൽ.എമാരായി രണ്ടുതവണ തുടർന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകൾ അതിസമർഥമായി നിർവഹിച്ചവരാണ്. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എം.എൽ.എമാർക്കും 11 മന്ത്രിമാർക്കും ഇളവ് നൽകേണ്ടി വരുമായിരുന്നു. പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എം.എൽ.എമാരുടെ ഒരു പുതുനിര കടന്നു വരുമായിരുന്നില്ല