മലപ്പുറം: മദ്രസ്സാധ്യാപകര്ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ സൗഹൃദത്തിലും സ്നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടിയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍.
മുസ്ലിംകള് അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന രീതിയില്‍ സംഘ്പരിവാര്‍ അനുകൂലികളില്‍നിന്നും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും വരുന്ന വ്യാജ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ സര്‍ക്കാറില്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പ്രസക്ത ഭാഗം : മദ്രസ്സാധ്യാപക ക്ഷേമനിധി പാലോളി മുഹമ്മദ് കുട്ടിയുടെ കാലത്ത് രൂപവത്കരിച്ചിരുന്നെങ്കിലും ബോര്‍ഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താന്‍ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിര്‍വഹണ ബോര്‍ഡ് നിയമം വഴി രൂപവത്കരിച്ചു.
അംഗങ്ങളില്‍നിന്നും മദ്രസ്സാ മാനേജ്മെന്‍റുകളില്‍നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യം നല്‍കുന്നത്. 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്‍റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതുഖജനാവില്‍ നിന്ന് മദ്രസ്സാധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. ഞാന്‍ നിയമസഭയില്‍ പറഞ്ഞു എന്ന വ്യാജേന ഒരു വാറോല വ്യാപകമായി തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാലോളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം - ക്രിസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആണ്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ സ്കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്.
കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലോളി കമ്മിറ്റിക്കും സമാനമായി റിട്ട. ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് നിയമിച്ചിട്ടുണ്ട്.
പ്രസ്തുത കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80 ശതമാനം ക്രൈസ്തവരും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങളുമായിരിക്കും.