കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയായ കെ. റെയിൽ പദ്ധതിയിൽ നിന്നും കോഴിക്കോട് വിമാനതാവളത്തിലേക്ക് മാത്രം കണക്ടിവിറ്റി ഇല്ലാത്തത് നീതിയുക്തമല്ല. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 529 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന രണ്ട് വരി അതിവേഗപാതയാണ് കെ റെയിൽ സിൽവർ ലൈൻ വേഗ പാതാ പദ്ധതി. ഇതിൽ നിന്നും കണക്ടിവിറ്റി ഇല്ലാത്ത കേരളത്തിലെ ഏക വിമാനതാവളമാണ് കോഴിക്കോട് വിമാനതാവളം. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാന താവളങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ഏക പൊതുമേഖല വിമാനതാവളമായ കോഴിക്കോട് മാത്രം ഒഴിവാക്കിയത് ശരിയായ നടപടിയല്ല. ഫറോക്കിൽ നിന്നോ പരപ്പനങ്ങാടിയിൽ നിന്നോ ഇവിടേക്ക് സഞ്ചാരമാർഗ്ഗം നൽകാവുന്നതാണ്.
കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിന് വായ്പ നൽകുന്നതിന് അപേഷ നൽകാൻ ഈയിടെ നീതീ ആയോഗും, റെയിൽവെ ബോർഡും അനുമതി നൽകിയിരുന്നു. കോഴിക്കോട് അന്താരാഷ്ട്രാ വിമാന താവളത്തിലെ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിധം കണക്ടിവിറ്റി നൽകാൻ കെ.റെയിൽ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ടിൽ (ഡി.പി. ആർ) മാറ്റം വരുത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരെ കണ്ട് നിവേദനങ്ങൾ നൽകുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് വിമാന താവളത്തിന്റെ വികസനം സമീപകാലത്ത് നിലച്ച മട്ടാണുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായ വിമാന അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവ്വീസ് തടസ്സപ്പെട്ടിട്ടുണ്ട്. ഹജ്ജ് എംബാർക്കേഷൻ പോയന്റും തിരികെ ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നതും പ്രതിഷേധാർഹമാണ്. കൂടാതെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് -പാലക്കാട് പതിയ നാല് വരി ഗ്രീൻ ഫീൽഡ് ദേശീയ പാതയിൽ നിന്നും കോഴിക്കോട് വിമാനതാവളത്തിലേക്ക് കണക്ടിവിറ്റി നൽകിയിട്ടില്ല. കോഴിക്കോട് ബൈപ്പാസിൽ നിന്നും വാഴയൂർ, വാഴക്കാട് പഞ്ചായത്തിലുടെ കടന്ന് പോകുന്ന നാല് വരി ദേശീയപാതക്കും, വിമാനതാവളത്തിലേക്ക് സഞ്ചാരപഥം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.