തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട കോടതി വിധിയോട് യോജിക്കാന്‍ ആകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള വിധിയാണിത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരിശീലനം ആരംഭിക്കാനുള്ള ഈ പദ്ധതി നൂറു ശതമാനം മുസ്ലിം വിഭാഗത്തിനുള്ളതാണ്. കാലക്രമേണ അത് ഇരുപത് ശതമാനം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും കൂടി കൊടുക്കുന്ന ഒരു വകുപ്പ് എഴുതി ചേര്‍ക്കുകയാണ് ഉണ്ടായത്.
അന്നു മുതല്‍ ഉയര്‍ന്നു വരുന്ന ഒരു ദുരാരോപണമാണ് ന്യൂനപക്ഷത്തിന് കിട്ടുന്നതില്‍ എങ്ങനെയാണ് എണ്‍പത് ശതമാനം മുസ്ലിംകള് എടുക്കുന്നത് എന്ന്. നൂറ് ശതമാനം മുസ്ലിംകള്‍ക്കു വേണ്ടി സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം കൊണ്ടുവന്ന ഈ പദ്ധതി യാതൊരു കാര്യവുമില്ലാതെ ചില ആളുകള്‍ എതിര്‍ത്തു വരികയായിരുന്നു.
ഈ ഒരു സാഹചര്യത്തില്‍ ഈ പദ്ധതിയുടെ ഉല്പത്തി എങ്ങനെയാണ്, അത് ആരെ ഉദ്ദേശിച്ചാണ് എന്ന കാര്യമൊക്കെ വിശദമായി പഠന വിധേയമാക്കാതെയാണ് വിധി വന്നിട്ടുള്ളത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.