ഇരിട്ടി: കഴിഞ്ഞ വര്‍ഷം കോവിഡ് ഒന്നാം തരംഗത്തില്‍ നഗരസഭയില്‍ വിവിധ പ്രദേശങ്ങളില്‍ കോവിഡ് ബാധിച്ചു 15 പേര്‍ക്ക് ജീവന് നഷ്ടമായെങ്കില്‍ ഇക്കുറി രണ്ടാം തരംഗത്തില്‍ ചുരുങ്ങിയ മാസം കൊണ്ട് 25 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്. ഇതില്‍ ഇരിട്ടി ടൗണില്‍ മാത്രം ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അഞ്ച് വ്യാപാരികള്‍ മഹാമാരിക്കു മുന്നില്‍ പിടഞ്ഞുവീണത്.
ഇരിട്ടിയിലെ ആദ്യകാല ജ്വല്ലറിയുടമയായ പി.കെ. മുഹമ്മദാണ് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചു ആദ്യം മരിച്ചത്. പിന്നീട് രണ്ടാം തരംഗത്തില്‍ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് അഞ്ചുപേര്‍ക്കു ജീവന് നഷ്ടമായത്. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ത്രീസ്റ്റാര്‍ പച്ചക്കറി മൊത്തവ്യാപാരി എ.പി. അബ്ദുല്‍ റഹ്മാന്, കഴിഞ്ഞ വര്‍ഷം കോവിഡ് കവര്‍ന്ന പി.കെ. മുഹമ്മദിന്‍െറ സഹപാര്ട്ണറും ആദ്യകാല ജ്വല്ലറിയുടമയുമായിരുന്ന പി.വി. അബ്ദുല്‍ സലാം, ഇരിട്ടിയിലെ സഫാ മലഞ്ചരക്ക് വ്യാപാരി ഷെരീഫ്, ഇരിട്ടിയിലെ ആദ്യകാല പുകയില -ചായപ്പൊടി മൊത്തവ്യാപാര സ്ഥാപനമായ എ.ടി.സിയുടെ ഉടമ എ.ടി.സി. മുഹമ്മദ്, ഒടുവില്‍ മരിച്ച റഹ്മത്ത് ട്രേഡേഴ്സ് പലചരക്ക് മൊത്തവ്യാപാരി ആര്.ടി. മുഹമ്മദ് എന്നിവരുള്‍പ്പെടെ ഇരിട്ടിക്ക് നഷ്ടമായത് വ്യാപാര മേഖലയിലെ പ്രമുഖരെയാണ്.
മലയോര മേഖലയുടെ സിരാകേന്ദ്രമായ ഇരിട്ടി നഗരത്തിലെ വ്യാപാരികളുടെ വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് സഹ വ്യാപാരികളും നാട്ടുകാരും. ഇരിട്ടി നഗരസഭയിലെ 33 വാര്‍ഡുകളിലായി അഞ്ഞൂറോളം കോവിഡ് രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇരിട്ടി ടൗണില്‍ മാത്രം 30 രോഗികളുണ്ട്. ഇരിട്ടി നഗരസഭക്ക് പുറത്ത് താമസക്കാരായ നഗരത്തിലെ വ്യാപാരികളായ 12 ഓളം പേരും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളായ 36 ഓളം പേരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.