മലപ്പുറം.വീട്ടിൽ പൂട്ടിയിടപ്പെട്ട കോവിഡ് കെടുതികൾക്കിടയിൽ, ഒരു പറ്റം യുവാക്കൾഒരുക്കിയ കാരുണ്യക്കൂടാരം . അഭിമാനം കൊണ്ട് ദാരിദ്ര്യം മറക്കുന്ന യഥാർഥ ആവശ്യക്കാർക്ക് വേണ്ടത് ചോദിക്കാതെ എടുത്ത് കൊണ്ടുപോവാൻ നഗരമധ്യത്തിൽ ഒരു സ്നേഹപ്പന്തൽ. ഈ ദുരിതകാലമത്രയും നാട്ടുകാർക്ക് താങ്ങായി നിന്ന ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ സേവന പരമ്പരയുടെ കർമകേന്ദ്രമായി രൂപം കൊണ്ടതാണ് ഈ കരുതൽ സങ്കേതം!
പച്ചക്കറി വാങ്ങാൻ പണമില്ലാത്തവർ ബൈപ്പാസ് റോഡിലെ സ്നേഹപ്പന്തലിന്റെ പരിസരത്തുകൂടെ ചെന്നാൽ മതി. ആവശ്യമുള്ളതെന്തും സൗജന്യമായി സ്വീകരിക്കാം. വീടുകളിൽ ആവശ്യത്തിലേറെയുള്ള പച്ചക്കറികൾ സ്നേഹപൂർവം പന്തലിൽ ഏൽപിക്കുകയും ചെയ്യാം. ഉള്ളവരോട് ഭക്ഷ്യവസ്തുക്കൾ വാങ്ങി ഇല്ലാത്തവരിൽ എത്തിക്കുന്ന ഈ സംരംഭം ജീവകാരുണ്യ രംഗത്തെ ജനകീയ മാതൃകയാണ്. അരിയും കിറ്റും സർക്കാർ നൽകുമ്പോഴും അടിസ്ഥാന വർഗത്തിന്റെ അവശേഷിക്കുന്ന ആവശ്യങ്ങളെ പിന്തുണക്കുകയാണ് ഈ നാട്ടുപന്തൽ..
കോവിഡ് പരിശോധനയ്ക്കോ, ചികിത്സക്കോ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടവർക്കോ വാഹന സൗകര്യങ്ങൾ ലഭ്യമാക്കാൻ സ്നേഹപ്പന്തലിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സഹായിക്കും. ആംബുലൻസിനു പുറമേ സദാസമയവും സേവന സജ്ജമായ 10വാഹനങ്ങൾ ഒരുക്കിയിരിക്കുന്നു. വാഹനം കിട്ടാതെ വിഷമിക്കുന്ന വനിതകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം..
ഉച്ചയ്ക്കും രാത്രിയും ആശുപത്രികളിലും വീടുകളിലും നൽകി വരുന്ന സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഏകോപനവും ഇവിടെ ഉണ്ടാകും. രാത്രിയിൽ നഗരത്തിലെത്തുന്ന യാത്രക്കാർക്ക് സൗജന്യമായി ചായയും ലഭിക്കും. മനുഷ്യർക്കു മാത്രമല്ല, തെരുവുനായ്ക്കൾക്കും ഇവർ ഭക്ഷണം നൽകിവരുന്നു..
ഈ സന്നദ്ധ സേവകർ നാട്ടുവഴികളിലും വീട്ടുപരിസരങ്ങളിലും പുകയ്ക്കുകയും സാനിറ്റൈസർ തളിയ്ക്കുകയും ചെയ്യുന്നു. രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്നു. പൾസ് ഓക്സിമീറ്ററുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ മുന്നണിയിലെത്തുന്നു..
സി പി നിസാർ, യൂസുഫ് കമാൽ, കരിപ്പകത്ത് രവി, ടി.ബാവ, മുന്നാസ് പാറക്കൽ, യു സെയ്താലി, ഹാരിസ് മാളിയേക്കൽ, സി പി സനൂപ്, അഷ്റഫ് കൂട്ടായി തുടങ്ങിയ സഖാക്കളുടെ കൂട്ടായ്മയിലാണ് സിപിഐ കൊണ്ടോട്ടിയിൽ ഈ മാതൃക തീർത്തത്. സഹീർ മണ്ണാരിൽ, എൻ കെ നൗഫൽ, എം ഫാസിൽ എന്നിവരുടെ നേതൃത്വത്തിൽ എഐവൈഎഫും കർമനിരതമാണ്. ഹെൽപ് ഡസ്ക് കൺവീനറായി ആസ്മാൻ ഓടക്കൽ സേവനം ചെയ്യുന്നു..
സ്വയം മറന്നുള്ള ഇത്തരം നാട്ടുനന്മകൾ ഏവരെയും വിസ്മയിപ്പിക്കും. ദുരിതങ്ങളുടെ വഴിയോരങ്ങളിൽ തണൽ വിരിക്കുന്ന ഇത്തരം സ്നേഹപ്പന്തലുകളാണ് കേരളത്തിന്റെ പുരോയാനം സുഗമമാക്കുന്നത് .
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.