രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഒക്ടോബറോടെ ഇതിന്റെ തെളിവുകള്‍ പ്രകടമാകും.
സംസ്ഥാനത്ത് രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായി പൂര്‍ത്തിയാക്കി കുറയുകയാണ്. അതിനാല്‍, മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്.
വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ് സംസ്ഥാനത്തെ കോവിഡ് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. അതിനാല്‍, അടച്ചു പൂട്ടല് അവസാനിച്ചാലും കൂട്ടായ്മകളില്‍നിന്ന് സ്വയം ഒഴിഞ്ഞു നില്ക്കണം. പ്രായമായവരും കുട്ടികളും വീടുകളില്‍ കഴിയുന്നത് തുടരണം.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.
ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് അടച്ചിടല്‍ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റര്‍ കിടക്കകളും ഒഴിയും.
അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവര്‍ക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രില്‍ അവസാനത്തോടെയാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്ക് കുത്തനെ ഉയര്‍ന്നത്. പിന്നീട് അടച്ചിടലിലൂടെയും മികച്ച പ്രവര്‍ത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചു.
അടുത്ത ഘട്ടത്തില്‍ അടച്ചു പൂട്ടല് സാധ്യത പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ നിര്‍ത്താനായിരിക്കും കൂടുതല്‍ ശ്രദ്ധ.