വൃദ്ധ സദനങ്ങളിലും ആദിവാസി കോളനികളിലും വാക്‌സിന്‍ പെട്ടെന്ന്‌ നല്‍കും

ജൂണ്‍ ആദ്യം കൂടുതല്‍ വാക്സിന്‍ എത്തും

കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 15നകം പരമാവധികൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

വൃദ്ധസദനങ്ങളില്‍ എല്ലാവര്‍ക്കും പെട്ടെന്ന് വാക്സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കും.

കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ബ്ലാക്ക് ഫംഗസ് രോഗികള്‍ ചുരുക്കമാണുള്ളത്, അവര്‍ക്കും മരുന്ന് ലഭ്യമാക്കും.

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോൾ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. കൈയിലുള്ള മൊബൈല്‍ നമ്പറിൽ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും.

212 തദ്ദേശ സ്ഥാപനത്തില്‍ 30 ശതമാനത്തിനു മുകളിലാണ് രോഗ സ്ഥിരീകരണ നിരക്ക്. 17 ഇടത്ത് 50 ശതമാനത്തിനു മുകളിലും. ഇവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.

ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ കലക്ടറെ ചുമതലപ്പെടുത്തി. നവജാത ശിശുക്കള്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കും.

മലപ്പുറത്ത് 25 പഞ്ചായത്തില്‍ സമൂഹ അടുക്കളയും ജനകീയ ഹോട്ടലുമില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തില്‍ അലംഭാവം പാടില്ല.

അടുക്കള നിലവില്‍ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച്‌ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news