‘ഗൂഗിള്‍ ഫോട്ടോസ്’ പ്ലാറ്റ്ഫോമില്‍ അണ്‍ലിമിറ്റഡായി ചിത്രങ്ങളും വിഡിയോകളും അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യം നാളെ തീരും. ജൂണ്‍ 1 മുതല്‍ അപ‍്‍ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന 15 ജിബി സ്റ്റോറേജ് പരിധിയില്‍ വരും.
നാളെ വരെ ഹൈ ക്വാളിറ്റി ഓപ്ഷനില്‍ അപ്‍ലോഡ് ചെയ്യുന്നവ ഈ പരിധിയില്‍ വരില്ല. ഇക്കാരണത്താല്‍ പരമാവധി ഫയലുകള്‍ ഇന്നും നാളെയുമായി അപ്‍ലോഡ് ചെയ്യാവുന്നതാണ്. ദിവസേന ഒരു അക്കൗണ്ടില്‍ 15 ജിബി വരെ മാത്രമേ അപ്‌ലോഡിങ് നടക്കൂ. നിലവില്‍ ഗൂഗിള്‍ ഫോട്ടോസിലുള്ള ചിത്രങ്ങള്‍ നഷ്ടപ്പെടില്ല.
ഗൂഗിള്‍ ഡ്രൈവ്, ജി മെയില്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു കൂടിയാണ് 15 ജിബി ഗൂഗിള്‍ അക്കൗണ്ട് സ്റ്റോറേജ്. അധിക സ്ഥലം ആവശ്യമെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബി, 210 രൂപയ്ക്ക് 200 ജിബി എന്നിങ്ങനെ എടുക്കാം. ഗൂഗിള്‍ പിക്സല്‍ 1-5 ഫോണുകളുടെ ഉപയോക്താക്കള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല.
photos.google.com സൈറ്റ് തുറന്നോ ഗൂഗിള്‍ ഫോട്ടോസ് ആപ് വഴിയോ ലോഗിന്‍ ചെയ്യാം. ഒറിജിനല്‍, ഹൈ ക്വാളിറ്റി എന്നീ നിലവാരങ്ങളില്‍ അപ്‌ലോഡിങ് സാധ്യമാണ്. ഒറിജിനല്‍ ഓപ്ഷന്‍ ജൂണ്‍ ഒന്നിനു മുമ്പും നിയന്ത്രണപരിധിയിലാണ്. ഈ ക്വാളിറ്റിയില്‍ മുന്‍പ് അപ്‍ലോഡ് ചെയ്യപ്പെട്ട ഫയലുകളും പരിധിയില്‍പെടും. ഇവ ഹൈ ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സെറ്റിങ്സിലുള്ള ‘റിക്കവര്‍ സ്റ്റോറേജ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കംപ്രസ് ചെയ്യാം.