കൊറോണ വൈറസിന്റെ അത്യന്തം അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തി. വൈറസിന്റെ ഇന്ത്യ, യുകെ വകഭേദങ്ങള്‍ ചേര്‍ന്ന സങ്കരയിനമാണ് വിയറ്റ്നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വായുവിലൂടെ അതിവേഗം പടരാന്‍ ശേഷിയുള്ള പുതിയ തരം വൈറസ് അത്യന്തം അപകടകാരിയാണെന്നും വിയറ്റ്നാം ആരോഗ്യമന്ത്രി നുയെന്‍ തന്‍ഹ് ലോങ്ങിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിയറ്റ്നാമില്‍ ആകെ 6856 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെതിരെ ഒരു വര്‍ഷത്തോളം വിജയകരമായ പോരാട്ടം നടത്തിയ വിയറ്റ്നാമില്‍ ഏപ്രിലിനുശേഷം മൂവായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 47 പേരാണ് രോഗബാധിതരായി മരിച്ചത്.
അതേസമയം, പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിലയിരുത്തല്‍ നടത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരിക്കുന്നത്.
സംഘടനയുടെ വിയറ്റ്നാമിലെ ഓഫിസ് രാജ്യത്തെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടന കോവിഡ് പ്രതിരോധ സംഘാംഗമായ മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ നാല് വകഭേദങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധിപ്പേരുടെ ജീവനെടുത്തത് വകഭേദം സംബന്ധിച്ച വൈറസായിരുന്നു.