കൊച്ചി: കലാകാരന്മാര് വായ് തുറക്കുന്നത് തിരക്കഥയില്‍ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങള്‍ പറയാന്‍ മാത്രമാകരുതെന്ന് സംവിധായകന് പ്രിയനന്ദന്. എങ്കില്‍ മാത്രമേ അവരുടെ പൗരജീവിതം അര്‍ഥപൂര്‍ണമാകൂവെന്ന് ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദഹം പറഞ്ഞു.
ആ കൃത്യമാണ് പൃഥിരാജ് അനുഷ്ഠിച്ചത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും തന്റെ മനസ്സ് വെളിപ്പെടുത്തിയ പൃഥിരാജിന്റെ വിവേകത്തിനെ ചേര്‍ത്ത് പിടിച്ച് ഒരു സിനിമാ സലാം നല്‍കുകയാണെന്ന് പ്രിയനന്ദന് കുറിച്ചു.
കലാകാരര്‍ സമൂഹത്തില്‍നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല. സിനിമ ഉണ്ടാകുന്നതും പ്രദര്‍ശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയിലാണ്. അതിനാല്‍ നടന്റെ ജീവിതം തിരശ്ശീലയില്‍ മാത്രമല്ല. അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവര്‍ക്കുണ്ട്. ഓരോ ജനകീയ സ്പന്ദനങ്ങളും അവരിലൂടെയും കടന്നു പോകുന്നുണ്ട്.
കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേല്‍ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാന്‍ പൃഥിരാജിന്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചു. കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്പോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥിരാജ് ഉറപ്പിച്ച് തെളിയിക്കുന്നത്. ദുഷ്ടശക്തികള്‍ കുരയ്ക്കുമ്പോഴും വിവേകം നിര്‍ഭയമായി സഞ്ചരിക്കട്ടെ.