ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയം ഇന്ന് നിയമ ‍സഭയിൽ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. ദ്വീപിന്റെ സവിശേഷത സംരക്ഷിക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് പ്രമേയത്തിലൂടെ കേരളം വ്യക്തമാക്കും.

കോവിഡിന്‍റേയും ലോക്ഡൗണിന്‍റേയും പശ്ചാത്തലത്തില്‍ ഒരാഴ്ച ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയത്തിനും മറ്റ് നടപടികള്‍ക്കും ശേഷമായിരിക്കും പ്രമേയത്തിലേക്ക് കടക്കുക. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് ആരംഭിക്കും. നാളെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

ഇതിനിടെ ദ്വീപിലെ ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ എത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ൪ പ്രഫുല്‍ ഖോഡ പട്ടേല്‍ വിവാദ പരിഷ്കാരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദ്വീപിലെ ബിജെപി നേതാക്കള്‍ ഇന്ന് കേന്ദ്ര മന്ത്രി അമിത് ഷായെ കണ്ടേക്കും.

ഭരണ പരിഷ്കാരങ്ങള്‍ ബിജെപിയുടെയോ കേന്ദ്ര സ൪ക്കാറിന്റെയോ നയമല്ലെന്നും അഡ്മിനിസ്ട്രേറ്ററുടെ വ്യക്തിപരമായ നടപടികളാണെന്നുമാണ് ദ്വീപിലെ ബിജെപിയുടെ നിലപാട്. പരിഷ്കാരങ്ങള്‍ ദ്വീപ് ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ്. അതില്‍ നിന്ന് അഡ്മിനിസ്ട്രേറ്ററെ പിന്തിരിപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയോടൊപ്പമാണ് നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. അതേസമയം കൂടിക്കാഴ്ചക്ക് അമിത് ഷാ ഇതുവരെ സമയം അനുവദിച്ചിട്ടില്ലെന്നാണ് സൂചന.

പ്രതിഷേധങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കൂച്ചുവിലങ്ങ് വീണതായും ആരോപണമുയർന്നു. ലക്ഷദ്വീപ് പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നിയന്ത്രണം. ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ് എന്ന കൂട്ടായ്മയുടെ ടിറ്റ്വര്‍ അക്കൌണ്ടുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകള്‍ അറിയിച്ചു.

“ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്” ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ‘ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി 9 മണി വരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റര്‍ സ്റ്റോം, ഇന്ത്യന്‍ പ്രസിഡന്റിന് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്ടെ ഭാഗമായി നടന്നത്.

spot_img

Related Articles

Latest news