വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർത്തിരിക്കാൻ കേരള പോലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.
അടുത്ത കാലത്തു നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം.