വാക്‌സിന്‍ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ ബാധിച്ചു – ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ). ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

സിറത്തില്‍ നിന്ന് ലഭിക്കാത്ത ഡോസുകള്‍ക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാ സെനക്കയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം’ – ഡബ്ല്യു.എച്ച്‌.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഈ രാജ്യങ്ങളില്‍ വ്യാപിക്കുകയാണ്. തിരിച്ചറിയുന്നതിന്റെ മുമ്പ് തന്നെ കോവിഡിന്റെ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അസ്ട്രാ സെനക്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോസ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ലോകാരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്ട്ര വാക്‌സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളൂ. മാത്രമല്ല അവിടങ്ങളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടില്ല. നമുക്ക് ലഭ്യമായ വാക്‌സിനുകള്‍ ഇങ്ങനെ അന്യായമായ രീതിയില്‍ വിതരണം ചെയ്യുന്നത് തുടര്‍ന്നാല്‍ ചില രാജ്യങ്ങള്‍ ഒരു പരിധിവരെ സാധാരണനിലയിലേക്ക് പോകുന്നത് നമുക്ക് കാണാം. എന്നാല്‍ മറ്റു ചില രാജ്യങ്ങളെ രൂക്ഷമായ ബാധിക്കുകയും തുടര്‍ന്ന് വീണ്ടും തരംഗങ്ങള്‍ രൂപപ്പെടുകയും ചെയ്യും’ അവര്‍ പറഞ്ഞു.

spot_img

Related Articles

Latest news