തുടര്‍ നടപടികള്‍ക്കായി ബുധനാഴ്ച കോര്‍ കമ്മിറ്റി യോഗം
കവരത്തി: വാസ്തവ വിരുദ്ധവും ആക്ഷേപകരവുമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലിയുടെ കോലം കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഇടപ്പെടലിന് തുടര്‍ന്ന് ജാമ്യം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റഹ്മത്തുള്ള അടക്കം 24 പേരെയാണ് രണ്ട് ദിവസങ്ങളിലായി കില്‍ത്താനില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
മയക്കു മരുന്നിന്റെ കേന്ദ്രമായി കലക്ടര്‍ കില്‍ത്താനെ ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോലം കത്തിച്ച 12 പേരെ ആദ്യ ദിവസവും മറ്റു 12 പേരെ തൊട്ടടുത്ത ദിവസവുമാണ് പൊലിസ് വീടുകളില്‍ നിന്ന് തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരേ നിരാഹാര സമരം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചതിനും വ്യക്തി ഹത്യ നടത്തിയതിനും കൂട്ടം ചേര്ന്നതിനുമായിട്ടായിരുന്നു കേസെടുത്തത്. അമിനിയിലെ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ എക്സിക്യൂട്ടിവ് മജിസേ്ട്രറ്റ് അറസ്റ്റിലായവരെയെല്ലാം റിമാന്‍ഡ് ചെയ്തു.
പൊലിസ് സ്റ്റേഷനില്‍ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ഹാളിലാണ് ഇവരെ പാര്‍പ്പിച്ചത്. ഇതിനിടയില്‍ അറസ്റ്റിലായവരില്‍ 52 വയസുകാരനായ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതികളെ അമിനിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം പൊലിസ് ഉപേക്ഷിച്ചു.
തുടര്‍ന്നാണ് അറസ്റ്റിലായവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഓണ്‍ലൈനിലൂടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നാണ് അമിനി ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് ജാമ്യം അനുവദിച്ചത്.
കൊവിഡ് ബാധിതനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരെ ക്വാറന്റൈന് ചെയ്യാതെ വീടുകളിലേക്ക് അധികൃതര്‍ വിട്ടയക്കുകയായിരുന്നു. കവരത്തിയില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് പ്രതിഷേധക്കാരെ തടവിലാക്കി മാനസികമായി തകര്‍ക്കാനുള്ള പൊലിസ് നീക്കമായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ ചൂണ്ടി കാട്ടുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത പൊലിസ് സമ്പർക്ക പട്ടികയിലായവരെ ക്വാറന്റൈന് ചെയ്യാനുള്ള നിര്‍ദ്ദേശം പോലും നല്‍കിയില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അഡ്മിനിസ്ട്രേറ്ററുടെയും കലക്ടറുടെയും നടപടികള്‍ക്കെതിരേ ദ്വീപില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളും പ്രതീകാത്മക സമരങ്ങളും ഇന്നലെയും നടന്നു.
തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗം ബുധനാഴ്ച ചേരും. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുകള്‍ പാലിക്കുന്നത് വരെ നിയമപരമായും ജനാധിപത്യപരമായും ചെറുത്തുനില്‍പ്പ് തുടരാനാണ് തീരുമാനം.