മറ്റൊരു സുപ്രധാന പദവിയും പരിഗണനയില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സി പി എം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് സി പി എം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനയ്യായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജോസിന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്ന് സി പി എം ഉറപ്പുനല്‍കിയിരുന്നതായാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്‌കാര കമ്മിഷന്‍.
31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന് ലഭിക്കും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ജോസിനെ സജീവമായി നിര്‍ത്തി മദ്ധ്യ തിരുവിതാംകൂറിലെ യു ഡി എഫ് കോട്ടകളില്‍ വിളളല്‍ വീഴ്‌ത്തുകയാണ് സി പി എം ലക്ഷ്യം.
ഭരണ പരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ പദവി നല്‍കിയില്ലെങ്കില്‍ കാര്‍ഷിക കമ്മീഷൻ രൂപീകരിച്ച് അദ്ധ്യക്ഷ പദവി നല്‍കുന്ന കാര്യവും സി പി എമ്മിന്‍റെ ആലോചനയിലുണ്ട്. എന്നാല്‍ പുതുതായി കാര്‍ഷിക കമ്മീഷൻ രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കുമോയെന്ന് സി പി എമ്മിന് ആശങ്കയുമുണ്ട്.
കാര്‍ഷിക കടാശ്വാസ കമ്മീഷനുണ്ടെങ്കിലും അദ്ധ്യക്ഷന് ക്യാബിനറ്റ് റാങ്കില്ല. കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സി പി ഐയുടെ പക്കലുള്ള കൃഷിവകുപ്പിന് കീഴില്‍ കാര്‍ഷിക കമ്മിഷന്‍ വരുമെന്നതാണ് സി പി എമ്മിനെ കുഴയ്‌ക്കുന്ന മറ്റൊരു കാര്യം.