തിരുവനന്തപുരം: ആദ്യത്തെ സത്യപ്രതിജ്ഞയിലെ പിഴവു കാരണം ദേവികുളം എം.എൽ.എ. എ.രാജ വീണ്ടും നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച സ്പീക്കർ എം.ബി.രാജേഷിന്റെ ചേംബറിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ തമിഴിൽ നടത്തിയ പ്രതിജ്ഞയിൽ ദൃഢപ്രതിജ്ഞയെന്നോ സഗൗരവ പ്രതിജ്ഞയെന്നോ പറയാത്തതാണ് പിഴവായത്. നിയമവകുപ്പ് തയ്യാറാക്കിയ പരിഭാഷയിൽ ഈ വാക്കുകൾ ഉണ്ടായിരുന്നില്ല.
ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭയിലിരുന്ന അഞ്ചു ദിവസത്തേക്ക് 500 രൂപ പ്രകാരം രാജ 2500 രൂപ പിഴയടയ്ക്കേണ്ടിവരും. രാജയുടെ തെറ്റുകൊണ്ടല്ല സത്യപ്രതിജ്ഞയിൽ പിഴവു വന്നത്. എന്നാലും പിഴയടയ്ക്കുക അംഗത്തിന്റെ ബാധ്യതയാണ്.
ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ചു ദിവസം സഭാനടപടികളിൽ പങ്കെടുത്തതും സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തതും ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചു. നേരത്തേ ഉമേഷ് ചള്ളിയിലിൽനിന്ന് ഇതേ കുറ്റത്തിന് 41,500 രൂപ പിഴയീടാക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. ക്രമപ്രകാരമല്ലാതെ പ്രതിജ്ഞയെടുത്ത ആർ.സുഗതനെക്കൊണ്ട് അതേ ദിവസംതന്നെ വീണ്ടും പ്രതിജ്ഞയെടുപ്പിച്ച കീഴ്‌വഴക്കവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.